ടൊറൻ്റോ : വാരാന്ത്യത്തിൽ അപകടകരമായ സ്പ്രിങ് ഐസ് കൊടുങ്കാറ്റ് തെക്കൻ ഒൻ്റാരിയോയെ ബാധിക്കുമെന്ന് എൻവയൺമെൻ്റ് കാനഡയുടെ മുന്നറിയിപ്പ്. വെള്ളിയാഴ്ച രാത്രിയോടെ ആരംഭിക്കുന്ന മഞ്ഞുമഴയും മഞ്ഞുവീഴ്ചയും യാത്ര അപകടകരമാക്കുമെന്നും വൈദ്യുതി മുടക്കത്തിനും കാരണമാകുമെന്ന് കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. ചില പ്രാദേശിക മേഖലകളിൽ 20 മില്ലിമീറ്ററിലധികം മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്.

മഞ്ഞുമഴയും മഞ്ഞുവീഴ്ചയും വെള്ളിയാഴ്ച വൈകി ആരംഭിച്ച് തിങ്കളാഴ്ച വരെ നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടൊറൻ്റോ, മിസ്സിസാഗ, ബ്രാംപ്ടൺ, ബർലിംഗ്ടൺ, ഓക്ക്‌വിൽ, പിക്കറിങ്, ഓഷവ, തെക്കൻ ദുർഹം മേഖല എന്നിവിടങ്ങളിൽ മുന്നറിയിപ്പ് ബാധകമായിരിക്കും. പാരി സൗണ്ടിനും കിംഗ്സ്റ്റണിനും ഇടയിലുള്ള സെൻട്രൽ, കിഴക്കൻ ഒൻ്റാരിയോ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളതെന്ന് ദേശീയ കാലാവസ്ഥാ ഏജൻസി അറിയിച്ചു. ചില പ്രദേശങ്ങളിൽ 20 മില്ലീമീറ്ററിൽ കൂടുതൽ മഞ്ഞു അടിഞ്ഞുകൂടാം. അതേസമയം മധ്യ, വടക്കുകിഴക്കൻ ഒൻ്റാറിയോയിൽ 5 മുതൽ 15 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. മഞ്ഞുവീഴ്ചയിൽ നിന്ന് വൈദ്യുതി മുടക്കം ഉണ്ടാകാനും മരക്കൊമ്പുകൾ ഒടിഞ്ഞുവീഴാനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകുന്നു.