ടൊറൻ്റോ : ഗ്രേറ്റർ ടൊറൻ്റോ മേഖലയിലുടനീളം നടന്ന വാഹനമോഷണത്തെക്കുറിച്ചുള്ള മാസങ്ങൾ നീണ്ട അന്വേഷണത്തിൽ 11 കെബെക്ക് നിവാസികളെ അറസ്റ്റ് ചെയ്തു. സംഘടിത വാഹനമോഷണ സംഘത്തിൽ ഉൾപ്പെട്ട ഇവർ 25 ലക്ഷം ഡോളറിലധികം വിലമതിക്കുന്ന 38 വാഹനങ്ങൾ മോഷ്ടിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഈ വാഹനങ്ങളിൽ 20 വാഹനങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്ന് ദുർഹം റീജനൽ പൊലീസ് ചീഫ് പീറ്റർ മൊറേറ അറിയിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി ടൊറൻ്റോ മേഖലയിൽ നിരവധി റെയ്‌ഡുകൾ നടത്തി. തുടർന്ന് മാർച്ച് 13-ന് പ്രതികളെ അറസ്റ്റ് ചെയ്തതായി മൊറേറ പറഞ്ഞു. അന്വേഷണവുമായി ബന്ധപ്പെട്ട് നൂറ്റി അറുപതിലധികം കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ദുർഹം മേഖലയ്ക്കുള്ളിൽ ഒറ്റരാത്രികൊണ്ട് നടന്ന നിരവധി വാഹന മോഷണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളെ തുടർന്ന് ജനുവരിയിൽ വാഹനമോഷണ സംഘത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായി മൊറേറ അറിയിച്ചു. വാഹനങ്ങൾ മോഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ ഒൻ്റാരിയോയിൽ എത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി അദ്ദേഹം അറിയിച്ചു.