ടൊറൻ്റോ : ആരോഗ്യ പ്രവർത്തകരെ ഭീതിയിലാഴ്ത്തി ഒൻ്റാരിയോയിൽ അഞ്ചാംപനി കേസുകൾ കുതിച്ചുയരുന്നതായി റിപ്പോർട്ട്. പ്രവിശ്യയിൽ കഴിഞ്ഞ ആഴ്‌ചയിൽ നൂറിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് പബ്ലിക് ഹെൽത്ത് ഒൻ്റാരിയോ അറിയിച്ചു. ഒക്ടോബറിൽ ആദ്യ കേസ് സ്ഥിരീകരിച്ച ശേഷം നിലവിൽ അഞ്ചാംപനി ബാധിതരുടെ എണ്ണം 572 ആയി ഉയർന്നു. മാർച്ച് 20-ന് ശേഷം 102 കേസുകളാണ് പ്രവിശ്യയിലുണ്ടായിട്ടുള്ളത്. ഇവരിൽ തീവ്രപരിചരണം തേടുന്ന രണ്ട് പേർ ഉൾപ്പെടെ 42 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രവിശ്യയിലെ സൗത്ത് വെസ്റ്റേൺ, ഗ്രാൻഡ് എറി പബ്ലിക് ഹെൽത്ത് യൂണിറ്റുകളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാട്ടർലൂ, ലാംബ്ടൺ എന്നിവിടങ്ങളിലേക്കും അഞ്ചാംപനി പടരുന്നുണ്ട്. അതേസമയം ചാത്തം-കെൻ്റിൽ, കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കേസുകൾ ഇരട്ടിയായി 39 ആയി ഉയർന്നു. കൂടാതെ ഹ്യൂറോൺ പെർത്തിൽ 55 പേർ അഞ്ചാംപനി ബാധിതരായിട്ടുണ്ട്.
കേസുകളുടെ എണ്ണം കുറവാണെങ്കിലും ഒൻ്റാരിയോയ്ക്ക് പുറമെ മറ്റ് പ്രവിശ്യകളിലും അഞ്ചാംപനി കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ആൽബർട്ടയിൽ 18 പേർക്ക് രോഗനിർണയം നടത്തി, അവരിൽ ഭൂരിഭാഗവും പ്രായപൂർത്തിയാകാത്തവരാണ്. അതേസമയം കെബെക്കിൽ 40 കേസുകളും റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് പറയുന്നു.

വായുവിൽ അല്ലെങ്കിൽ രോഗബാധിതമായ പ്രതലങ്ങളിൽ രണ്ട് മണിക്കൂർ വരെ സജീവമായി തുടരുന്ന, ലോകത്തിലെ ഏറ്റവും വലിയ പകർച്ചവ്യാധികളിൽ ഒന്നാണ് അഞ്ചാംപനി. ചെറിയ കുട്ടികളിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും അഞ്ചാംപനി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. രോഗബാധിതനായ ഒരാൾ ശ്വസിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായുവിലൂടെയാണ് അഞ്ചാംപനി പടരുന്നത്. പനി, ചുമ, മൂക്കൊലിപ്പ്, കണ്ണുകൾക്ക് ചുവന്ന നിറം, തുടങ്ങിയവയാണ് അഞ്ചാംപനിയുടെ പ്രാഥമിക ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾക്ക് ശേഷം ചുണങ്ങു പ്രത്യക്ഷപ്പെടുന്നു. ഇത് ആദ്യം മുഖത്തും കഴുത്തിലും ആരംഭിച്ച് നെഞ്ചിലേക്കും കൈകളിലേക്കും കാലുകളിലേക്കും വ്യാപിക്കും. ചുണങ്ങു ഏകദേശം നാല് മുതൽ ഏഴ് ദിവസം വരെ നീണ്ടുനിൽക്കും. വായ്ക്കുള്ളിൽ ചെറിയ വെളുത്ത പാടുകളും ഉണ്ടാകാം. അഞ്ചാംപനി വൈറസ് ബാധിച്ച് ഏഴ് ദിവസത്തിന് ശേഷം രോഗലക്ഷണങ്ങൾ ആരംഭിക്കുമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു.