വൻകൂവർ : കൺസർവേറ്റീവ് പാർട്ടി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ഫെഡറൽ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് മുൻ ബ്രിട്ടിഷ് കൊളംബിയ കാബിനറ്റ് മന്ത്രി മൈക്ക് ഡി ജോങ്. അബോട്ട്‌സ്‌ഫോർഡ്-സൗത്ത് ലാംഗ്‌ലി റൈഡിങ്ങിലേക്ക് തന്നെ പാർട്ടി പരിഗണിച്ചില്ലെന്നും ഇതിന് കാരണം വ്യക്തമല്ലെന്നും അദ്ദേഹം പറയുന്നു. എന്നാൽ, തന്‍റെ സ്ഥാനാർത്ഥിത്വം റൈഡിങ് അസോസിയേഷൻ തീരുമാനിക്കുന്നതിന് പകരം ഓട്ടവയിൽ നിന്നാണ് തീരുമാനം ഉണ്ടായതെന്നും അദ്ദേഹം ആരോപിക്കുന്നു. ബ്രിട്ടിഷ് കൊളംബിയ നിയമസഭയിലേക്ക് എട്ടു തവണ തിരഞ്ഞെടുക്കപ്പെട്ട മൈക്ക് ഡി ജോങ് ധനകാര്യ, വനം വകുപ്പുകൾ ഉൾപ്പെടെ നിരവധി കാബിനറ്റ് പദവികൾ വഹിച്ചിട്ടുണ്ട്.

തന്നെ അയോഗ്യനാക്കിയതിൽ പാർട്ടിയോട് തനിക്ക് വിരോധമില്ലെന്നും കൺസർവേറ്റീവ് പാർട്ടി അടുത്ത സർക്കാർ രൂപീകരിക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്നും അദ്ദേഹം പറയുന്നു. എന്നാൽ, കാനഡയിലെ പ്രധാന രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥി തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കൃത്രിമം കാണിക്കുന്ന പ്രവണത ഉണ്ടെന്ന് മൈക്ക് ഡി ജോങ് ആരോപിക്കുന്നു. സുഖ്‌മാൻ സിങ് ഗില്ലാണ് അബോട്ട്‌സ്‌ഫോർഡ്-സൗത്ത് ലാംഗ്‌ലിയിലെ കൺസർവേറ്റീവ് സ്ഥാനാർത്ഥി.