ഓട്ടവ : ശക്തമായ കാറ്റും കനത്ത മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കുന്നതിനാൽ കാനഡയിലുടനീളം പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകി എൻവയൺമെൻ്റ് കാനഡ. ഏഴ് പ്രവിശ്യകളിലെ താമസക്കാർക്ക് വരും മണിക്കൂറുകളിലും ദിവസങ്ങളിലും 20 സെൻ്റീമീറ്ററോ അതിൽ കൂടുതലോ മഞ്ഞുവീഴ്ച പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു.
അറ്റ്ലാൻ്റിക് കാനഡ
വടക്കുപടിഞ്ഞാറൻ ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ 15 മുതൽ 20 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് കനത്ത മഞ്ഞുവീഴ്ച പ്രതീക്ഷിക്കാമെന്നും എന്നാൽ, രാത്രിയോടെ മഞ്ഞുവീഴുന്നത് അവസാനിക്കുമെന്നും ഏജൻസി പറയുന്നു. മഞ്ഞുവീഴ്ച ഹൈവേകളും റോഡുകളും നടപ്പാതകളും തിരിച്ചറിയുന്നത് ബുദ്ധിമുട്ടാകും. ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ഫെഡറൽ ഏജൻസി നിർദ്ദേശിച്ചു.

10 മുതൽ 20 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്ന നോവസ്കോഷയിലെ കെയ്പ് ബ്രെറ്റണിലും മുന്നറിയിപ്പ് ബാധകമായിരിക്കും. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.
കെബെക്ക്
അമേരിക്കൻ മിഡ്‌വെസ്റ്റിൽ നിന്നുള്ള ന്യൂനമർദ്ദത്തെ തുടർന്ന് പ്രവിശ്യയുടെ തെക്കുപടിഞ്ഞാറൻ പ്രദേശമായ ഷെർബ്രൂക്കിലും മൺട്രിയോൾ, ഗാറ്റിനോ എന്നിവയുൾപ്പെടെ മേഖലയിലും കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. കൂടാതെ പ്രവിശ്യയുടെ വടക്കൻ-മധ്യ മേഖലയിലെ Val-d’Or മുതൽ Mistissini വരെയുള്ള പ്രദേശങ്ങളിലും മഞ്ഞുവീഴ്ച പ്രതീക്ഷിക്കാം. കൂടാതെ യാത്ര യാത്ര അപകടകരമായേക്കാമെന്നും കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു.

ഒൻ്റാരിയോ
ഈ വാരാന്ത്യത്തിൽ ഒൻ്റാരിയോയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും സ്പ്രിങ് ഐസ് കൊടുങ്കാറ്റ് ആഞ്ഞടിക്കാൻ സാധ്യതയുണ്ട്. ടൊറൻ്റോ, മിസ്സിസാഗ, ബ്രാംപ്ടൺ, ബർലിംഗ്ടൺ, ഓക്ക്‌വിൽ, പിക്കറിങ്, ഓഷവ, തെക്കൻ ദുർഹം മേഖല എന്നിവിടങ്ങളിൽ 15 സെൻ്റിമീറ്ററിലധികം മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. മഞ്ഞുവീഴ്ചയിൽ നിന്ന് വൈദ്യുതി മുടക്കം ഉണ്ടാകാനും മരക്കൊമ്പുകൾ ഒടിഞ്ഞുവീഴാനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകുന്നു. കനത്ത മഞ്ഞ് ദൃശ്യപരത കുറയ്ക്കാൻ സാധ്യതയുണ്ട്, സാധ്യമായ റോഡ് അടയ്ക്കൽ ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുള്ള യാത്രാ സാഹചര്യങ്ങൾ പ്രതീക്ഷിക്കുന്നു.
പ്രയറി
വിനിപെഗ് മുതൽ എഡ്മിന്‍റൻ വരെയുള്ള വടക്കുപടിഞ്ഞാറൻ മേഖലയിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ കനത്ത മഞ്ഞുവീഴ്ച പ്രതീക്ഷിക്കാം. തെക്കൻ പ്രേയറികളിൽ 20 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയാണ് കാലാവസ്ഥാ ഏജൻസിയുടെ പ്രവചനത്തിലുള്ളത്. ചില പ്രദേശങ്ങളിൽ 30 സെൻ്റീമീറ്റർ വരെ എത്തുന്നു. സസ്കാച്വാൻ-ആൽബർട്ട അതിർത്തിക്ക് സമീപം തണുത്തുറഞ്ഞ മഴയും പ്രതീക്ഷിക്കുന്നു.

യൂകോൺ
യൂകോണിലെ വടക്കുകിഴക്ക് ഡോസൺ ഏരിയ മുതൽ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളുടെ അതിർത്തി വരെ ഹിമപാത മുന്നറിയിപ്പ് പ്രാബല്യത്തിൽ ഉണ്ട്. അതേസമയം ഫോർട്ട് മക്‌ഫെർസണിൽ വെള്ളിയാഴ്ച മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നും പ്രതീക്ഷിക്കുന്നു. ശക്തമായ കാറ്റും കനത്ത മഞ്ഞുവീഴ്ചയ്ക്കുമിടയിൽ ദൃശ്യപരത പൂജ്യമായി കുറയുമെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. പൊതുജനങ്ങൾ അനാവശ്യ യാത്ര ഒഴിവാക്കണമെന്നും യാത്ര അത്യന്താപേക്ഷിതമാണെങ്കിൽ, നിങ്ങളുടെ ലക്ഷ്യസ്ഥാനവും പ്രതീക്ഷിക്കുന്ന എത്തിച്ചേരുന്ന സമയവും മറ്റുള്ളവരെ അറിയിച്ച് മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും ഏജൻസി നിർദ്ദേശിച്ചു. അതുപോലെ ഒരു എമർജൻസി കിറ്റും മൊബൈൽ ഫോണും കൈവശം കരുതണമെന്നും എൻവയൺമെൻ്റ് കാനഡ അഭ്യർത്ഥിച്ചു.