ഓട്ടവ : യുഎസുമായി പുതിയ സാമ്പത്തിക, സുരക്ഷാ ബന്ധത്തിനായി സമഗ്രമായ ചർച്ച ഉടൻ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. ഫെഡറൽ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും ചർച്ച ആരംഭിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഔദ്യോഗിക ചർച്ച ആരംഭിക്കുന്നതിന് മുമ്പ്, വാണിജ്യ മന്ത്രി ഡൊമിനിക് ലെബ്ലാ, യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക്കുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

എന്നാൽ, ഏപ്രിൽ 2-ന് യുഎസ് നടപ്പിലാക്കുന്ന പരസ്പര താരിഫുകൾക്കെതിരെ, കാനഡയുടെ സമ്പദ്‌വ്യവസ്ഥയെയും തൊഴിലാളികളെയും സംരക്ഷിക്കുന്നതിനായി പുതിയ പ്രതികാര താരിഫുകൾ നടപ്പിലാക്കുമെന്നും മാർക്ക് കാർണി അറിയിച്ചു. യുഎസിലേക്കുള്ള വാഹന ഇറക്കുമതിക്ക് 25% താരിഫ് ഏർപ്പെടുത്തിയതിന് ശേഷം മാർക്ക് കാർണിയും ഇന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി ചർച്ച നടത്തിയിരുന്നു. മാർച്ച് 9-ന് കാർണി സത്യപ്രതിജ്ഞ ചെയ്ത ശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ ചർച്ചയായിരുന്നു ഇത്. കനേഡിയൻ ഫെഡറൽ തിരഞ്ഞെടുപ്പിന് ശേഷം ഉടൻ തന്നെ രാഷ്ട്രീയം, വ്യാപാരം, മറ്റു ഘടകങ്ങൾ എന്നിവയിലും ഒരുമിച്ച് പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ മാർക്ക് കാർണിയുമായി കൂടിക്കാഴ്ച നടത്തുമെന്നും ചർച്ചയ്ക്ക് ശേഷം ട്രംപ് പറഞ്ഞിരുന്നു.