സിയോള്‍: ദക്ഷിണ കൊറിയ കണ്ട ഏറ്റവും വലിയ കാട്ടുതീ നിയന്ത്രണവിധേയമാകുന്നു. മഴയും തണുത്ത കാലാവസ്ഥയും കാട്ടുതീ നിയന്ത്രണത്തിലേക്ക് കൊണ്ടുവരാന്‍ സഹായകമായി. വെള്ളിയാഴ്ച രാവിലെ 85 ശതമാനവും നിയന്ത്രണത്തില്‍ കൊണ്ടുവന്നതായി കൊറിയ ഫോറസ്റ്റ് സര്‍വീസ് അറിയിച്ചു. ശേഷിക്കുന്ന തീ അണയ്ക്കാന്‍ കൂടുതല്‍ ഹെലികോപ്റ്ററുകളും അഗ്‌നിശമന സേനാംഗങ്ങളും രംഗത്തുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ഇന്നലെ രാത്രിയിലെ മഴ കാരണം മൂടല്‍മഞ്ഞ് കുറഞ്ഞതും താപനില കുറഞ്ഞതും രക്ഷാപ്രവര്‍ത്തനത്തിന് അനുകൂല സാഹചര്യമൊരുക്കിയെന്ന് കൊറിയ ഫോറസ്റ്റ് സര്‍വീസ് മേധാവി ലിം സാങ്-സിയോപ്പ് പറഞ്ഞു. അഗ്‌നിശമന സേനാംഗങ്ങള്‍ തീയണയ്ക്കാന്‍ തീവ്രമായി പരിശ്രമിക്കുന്നുണ്ട്. രാത്രിയില്‍ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് തീഗോളങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്യുന്നുണ്ടെന്നും അദ്ദഹം പറഞ്ഞു.

കാട്ടുതീ നിയന്ത്രണ വിധേയമാക്കുന്നതിനായി ഏകദേശം 9,000 ആളുകളെയും 125 ഹെലികോപ്റ്ററുകളും നൂറുകണക്കിന് മറ്റ് വാഹനങ്ങളും അധികൃതര്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് സര്‍ക്കാരിന്റെ ദുരന്ത നിവാരണ കേന്ദ്രം അറിയിച്ചു.
കഴിഞ്ഞയാഴ്ച തെക്കുകിഴക്കന്‍ മേഖലയില്‍ വ്യാപിച്ച കാട്ടുതീ 28 പേരുടെ ജീവനാണ് കവര്‍ന്നത്. ഭക്ഷണശാലകളും ഫാക്ടറികളും വാഹനങ്ങളും മറ്റ് കെട്ടിടങ്ങളും കാട്ടുതീയില്‍ നശിച്ചു. പര്‍വതങ്ങളും കുന്നുകളും കത്തിയമര്‍ന്ന് ചാരക്കൂമ്പാരമായി മാറി. തീ കത്തി നശിച്ച പ്രദേശങ്ങളിലെ ജനങ്ങള്‍ സ്‌കൂളുകളിലും ജിമ്മുകളിലുമായി താല്‍ക്കാലിക അഭയം തേടിയിരിക്കുകയാണ്.