വൈറ്റ് ഹോഴ്സ് : യൂകോണിൽ ടെറിട്ടോറിയൽ നോമിനേഷൻ സമർപ്പിക്കുന്ന വിദേശ തൊഴിലാളികൾ ശ്രദ്ധിക്കുക. തൊഴിലുടമകൾക്കും വിദേശ പൗരന്മാർക്കും ഇനി യൂകോൺ നോമിനി പ്രോഗ്രാമിലേക്ക് (YNP) നേരിട്ട് അപേക്ഷ സമർപ്പിക്കാൻ കഴിയില്ല. YNP-യിലേക്കുള്ള എല്ലാ ആപ്ലിക്കേഷനുകളും ഇപ്പോൾ എക്സ്പ്രഷൻ ഓഫ് ഇൻ്ററസ്റ്റ് (EOI) സംവിധാനത്തിലൂടെയായിരിക്കണം സമർപ്പിക്കേണ്ടത്. ഫെഡറൽ ഗവൺമെൻ്റ് 2025-ൽ YNP-യുടെ നോമിനേഷനുകളുടെ വിഹിതം കുറച്ചതോടെയാണ് പുതിയ മാറ്റങ്ങൾ അവതരിപ്പിച്ചത്.

ഈ പുതിയ പൂൾ അധിഷ്ഠിത സംവിധാനത്തിന് കീഴിൽ, ഒരു വിദേശ തൊഴിലാളിക്ക് ടെറിട്ടോറിയൽ നോമിനേഷനായി അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് തൊഴിലുടമയ്ക്ക് YNP-യിൽ നിന്ന് ഇൻവിറ്റേഷൻ ലഭിക്കുകയും വേണം. ഈ മാറ്റത്തിന് മുമ്പ്, തൊഴിലുടമകൾക്ക് നേരിട്ട് YNP-യിലേക്ക് അപേക്ഷകൾ സമർപ്പിക്കാമായിരുന്നു. പുതിയ EOI ഇൻടേക്ക് മാർച്ച് 31-ന് രാവിലെ 9 മണിക്ക് ആരംഭിച്ച് ഏപ്രിൽ 22-ന് വൈകുന്നേരം നാലരയ്ക്ക് അവസാനിക്കും.

പുതിയ EOI സംവിധാനത്തിന് കീഴിൽ, YNP നോമിനേഷനായി പരിഗണിക്കാൻ ആഗ്രഹിക്കുന്ന വിദേശ തൊഴിലാളിയെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ വെബ് ഫോം തൊഴിലുടമകൾ സമർപ്പിക്കണം. തുടർന്ന് ഈ അപേക്ഷകൾ പരിശോധിക്കുകയും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുകയും YNP-യിലേക്ക് മുഴുവൻ അപേക്ഷകളും സമർപ്പിക്കാൻ ഇൻവിറ്റേഷൻ നൽകും. കുറഞ്ഞത് ഒരു വർഷമെങ്കിലും യൂകോണിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഉദ്യോഗാർത്ഥികൾ, ഫ്രഞ്ച് സംസാരിക്കുന്നവർ, യൂകോൺ യൂണിവേഴ്സിറ്റി ബിരുദധാരികൾ തുടങ്ങിയവർക്ക് മുൻഗണന ഉണ്ടായിരിക്കും.