വോൺ, ഒൻ്റാരിയോ : രാജ്യത്തെ ഭവനപ്രതിസന്ധിക്ക് പരിഹാരമായി പ്രതിവർഷം അഞ്ച് ലക്ഷം പുതിയ വീടുകൾ നിർമ്മിക്കുമെന്ന് ലിബറൽ ലീഡർ മാർക്ക് കാർണി. രാജ്യത്ത് ചിലവ് കുറഞ്ഞ വീടുകളുടെ നിർമ്മാണ മേൽനോട്ടത്തിനും നിർമ്മാണം വേഗത്തിലാക്കാനും ഭവനനിർമ്മാതാക്കൾക്ക് ധനസഹായം നൽകുന്നതിനുമായി പുതിയ ഫെഡറൽ ഭവന സ്ഥാപനത്തിന് രൂപം നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഒൻ്റാരിയോ വോണിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കാർണി.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം കാണാത്ത അത്ര വേഗത്തിൽ വീടുകളുടെ നിർമ്മാണം പൂർത്തിയാക്കുമെന്നും മാർക്ക് കാർണി അറിയിച്ചു. പുതിയ ഏജൻസിയായ ബിൽഡ് കാനഡ ഹോംസ് പൊതുസ്ഥലങ്ങളിൽ ഉൾപ്പെടെ ചിലവ് കുറഞ്ഞ വീടുകൾ നിർമ്മിക്കുന്നതിനുള്ള ഒരു ഡവലപ്പറായി പ്രവർത്തിക്കും. കൂടാതെ പ്രോജക്ടുകൾ വികസിപ്പിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുമെന്ന് കാർണി പറയുന്നു. ഒപ്പം പ്രീ ഫാബ്രിക്കേറ്റഡ് ഹോം ബിൽഡർമാർക്ക് രണ്ടു കോടി അമ്പത് ലക്ഷം ഡോളർ ധനസഹായം നൽകും. ചിലവ് കുറഞ്ഞ വീടുകൾ നിർമ്മിക്കുന്നതിന് ഒരു കോടി ഡോളറും നൽകുമെന്നും കാർണി പറഞ്ഞു.

കാനഡയിൽ നിന്നുള്ള ഭവന നിർമ്മാണ സാമഗ്രികൾ ഉപയോഗിച്ച് വേഗത്തിലും താങ്ങാവുന്ന വിലയിലും സുസ്ഥിരമായും നിർമ്മിക്കാൻ കഴിയുന്ന പ്രീ ഫാബ്രിക്കേറ്റഡ് മോഡുലാർ ഭവനങ്ങൾക്ക് തൻ്റെ സർക്കാർ ഊന്നൽ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. മുനിസിപ്പൽ ഡെവലപ്‌മെൻ്റ് ചാർജുകൾ വെട്ടിക്കുറയ്ക്കുക, നിലവിലുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ സുഗമമാക്കുക, ഹൗസിങ് ആക്‌സിലറേറ്റർ ഫണ്ട് ഉപയോഗിച്ച് കെട്ടിടങ്ങൾ നിർമ്മിക്കുക എന്നിവയിലൂടെ ഭവന നിർമ്മാണ ചെലവ് കുറയ്ക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പത്ത് ലക്ഷം ഡോളർ വരെ മൂല്യമുള്ള വീടുകൾ ആദ്യമായി വാങ്ങുന്നവർക്ക് ജിഎസ്ടി ഒഴിവാക്കുമെന്ന് ലിബറലുകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു.