ഓട്ടവ : 45-ാമത് ഫെഡറൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത് മുതൽ ലിബറൽ പാർട്ടി ജനപിന്തുണയിൽ മേധാവിത്വം തുടരുന്നതായി പുതിയ സർവേ റിപ്പോർട്ട്. ജനുവരി വരെ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ഒരു സാധ്യതയും ഇല്ലാതിരുന്ന ലിബറൽ പാർട്ടി, കൺസർവേറ്റീവ് പാർട്ടിയെ മറികടന്ന് മുന്നേറുന്നതായി പുതിയ നാനോസ് റിസർച്ച് സർവേ. അന്ന് ജസ്റ്റിൻ ട്രൂഡോ നയിച്ച ലിബറലുകൾ പ്രധാന പ്രതിപക്ഷ പാർട്ടിയായ കൺസർവേറ്റീവ് പാർട്ടിയേക്കാൾ ഇരുപതിലധികം പോയിൻ്റുകൾക്ക് പിന്നിലായിരുന്നു. എന്നാൽ, ട്രൂഡോയുടെ രാജിയ്ക്ക് ശേഷം പുതിയ നേതൃത്വത്തിന് കീഴിൽ വൻ തിരിച്ചുവരവാണ് ലിബറൽ പാർട്ടി നടത്തിയിരിക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് ഒമ്പത് ദിവസം പിന്നിടുമ്പോൾ ഫെഡറൽ ലിബറലുകൾ കൺസർവേറ്റീവുകളെക്കാൾ എട്ട് പോയിൻ്റിന്‍റെ ലീഡ് നേടിയതായി പുതിയ നാനോസ് റിസർച്ച് സർവേ റിപ്പോർട്ട് ചെയ്തു. മാർക്ക് കാർണി നേതൃത്വം നൽകുന്ന ലിബറൽ പാർട്ടിയ്ക്ക് 44% വോട്ടർമാരുടെ പിന്തുണ ലഭിച്ചപ്പോൾ പിയേർ പൊളിയേവിന്‍റെ കൺസർവേറ്റീവുകൾക്ക് 36 ശതമാനമാണ് ജനപിന്തുണ. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്, ലിബറലുകൾ രണ്ട് പോയിൻ്റ് ലീഡ് ഉയർന്നപ്പോൾ കൺസർവേറ്റീവിനുള്ള പിന്തുണ ഒരു പോയിൻ്റ് കുറഞ്ഞു. അതേസമയം ന്യൂ ഡെമോക്രാറ്റിക് പാർട്ടിക്കുള്ള പിന്തുണയിൽ മാറ്റമില്ല, 11 ശതമാനം. ബ്ലോക്ക് കെബെക്കോയിസ് (അഞ്ച് ശതമാനം), ഗ്രീൻ പാർട്ടി ഓഫ് കാനഡ (രണ്ട് ശതമാനം), പീപ്പിൾസ് പാർട്ടി ഓഫ് കാനഡ (രണ്ട് ശതമാനം) എന്നിങ്ങനെയാണ് മറ്റു പാർട്ടികൾക്കുള്ള പിന്തുണ.
ഫെഡറൽ തിരഞ്ഞെടുപ്പിൽ ഏറ്റവും നിർണ്ണായകമായ ഒൻ്റാരിയോയിൽ ലിബറൽ പാർട്ടി വ്യക്തമായ ലീഡ് നേടിയതായി നാനോസ് സർവേ പറയുന്നു. പ്രവിശ്യയിൽ ലിബറലുകൾക്ക് 48.5 ശതമാനവും കൺസർവേറ്റീവ് പാർട്ടിക്ക് 36.3 ശതമാനവുമാണ് പിന്തുണ. ജനുവരി വരെ കൺസർവേറ്റീവ് പാർട്ടിയുടെ വിജയ പ്രതീക്ഷകൾക്ക് കരുത്തേകിയിരുന്ന ഒൻ്റാരിയോ ഇപ്പോൾ ലിബറലുകളെ 12 ശതമാനം പോയിൻ്റിന് മുന്നിലെത്തിച്ചതായി നാനോസ് സർവേ പറയുന്നു. ഒൻ്റാരിയോയിലെ ഈ തിരിച്ചടി കൺസർവേറ്റീവ് പാർട്ടിയെ ഭരണത്തിൽ നിന്നും അകറ്റി നിർത്തിയേക്കുമെന്നും സർവേ പ്രവചിക്കുന്നു.

കനേഡിയൻ പൗരന്മാർ ആരാണ് പ്രധാനമന്ത്രിയാകാൻ ഇഷ്ടപ്പെടുന്നതെന്ന കാര്യത്തിലും ലിബറൽ പാർട്ടിക്ക് വ്യക്തമായ മുൻതൂക്കം ഉണ്ടെന്ന് നാനോസ് പറഞ്ഞു സർവേയിൽ പങ്കെടുത്ത 47% പേർ മാർക്ക് കാർണിയെ പ്രധാനമന്ത്രി പദത്തിലേക്ക് തിരഞ്ഞെടുക്കുമ്പോൾ 33% പേർ മാത്രമാണ് പിയേർ പൊളിയേവിനെ പിന്തുണയ്ക്കുന്നത്. അതേസമയം എൻഡിപി നേതാവ് ജഗ്മീത് സിങ് അഞ്ച് ശതമാനം വോട്ടർമാരുടെ പിന്തുണയോടെ വളരെ പിന്നിലാണ്.