വൻകൂവർ : ട്രംപിൻ്റെ താരിഫുകളെക്കുറിച്ചുള്ള അനിശ്ചിതത്വം ബ്രിട്ടിഷ് കൊളംബിയയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ വലിയ സ്വാധീനം ചെലുത്തിയതായി ഗ്രേറ്റർ വൻകൂവർ റിയൽറ്റേഴ്സ് റിപ്പോർട്ട്. വൻകൂവറിലെ വീടുകളുടെ വിൽപ്പന മാർച്ചിൽ 2019 മാർച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലായി.

2024-ലെ ഇതേ സമയത്തെ അപേക്ഷിച്ച് 13.4% ഇടിഞ്ഞ് മാർച്ചിൽ, ഈ മേഖലയിൽ 2,091 വീടുകളുടെ വിൽപ്പനയാണ് നടന്നത്. ഇത് 10 വർഷത്തെ സീസണൽ ശരാശരിയായ 3,308 വീടുകളുടെ വിൽപ്പനയിൽ നിന്ന് ഏകദേശം 37% താഴെയാണെന്ന് റിയൽറ്റർമാർ പറയുന്നു. അതേസമയം നഗരത്തിൽ ലിസ്റ്റുചെയ്ത മൊത്തം പ്രോപ്പർട്ടികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. മാർച്ചിൽ, പതിനാലായിരത്തിലധികം പ്രോപ്പർട്ടി വിൽപ്പനയ്ക്ക് ലിസ്റ്റ് ചെയ്തു, കഴിഞ്ഞ വർഷം ഇതേ സമയത്തേക്കാൾ ഏകദേശം 38% വർധനയാണിത്. മെട്രോ വൻകൂവറിലെ ഒരു വീടിൻ്റെ ബെഞ്ച്മാർക്ക് വില 1,190,000 ഡോളറായി. ഡിറ്റാച്ചഡ് വീടുകളുടെ വില 2,030,000 ഡോളറായും ഈ മേഖലയിലെ ഒരു അപ്പാർട്ട്മെൻ്റിൻ്റെ ബെഞ്ച്മാർക്ക് വില 767,300 ഡോളറുമായി.

ഫ്രേസർ വാലിയിലെ വീടുകളുടെ വിൽപ്പന 10 വർഷത്തെ ശരാശരിയേക്കാൾ ഏകദേശം 50% കുറഞ്ഞതായി ഫ്രേസർ വാലി റിയൽ എസ്റ്റേറ്റ് ബോർഡ് (FVREB) സിഇഒ ബൽദേവ് ഗിൽ അറിയിച്ചു. FVREB അനുസരിച്ച്, ഈ മേഖലയിലെ ലിസ്റ്റിങ്ങുകൾ മാർച്ചിൽ 22% വർധിച്ചു. ഫ്രേസർ വാലിയിലെ ഡിറ്റാച്ചഡ് വീടിൻ്റെ ബെഞ്ച്മാർക്ക് വില 1,500,000 ഡോളറാണ്. നഗരത്തിലെ അപ്പാർട്ട്മെൻ്റുകളുടെ വില 540,900 ഡോളറുമാണെന്ന് FVREB പറയുന്നു.