ന്യൂയോർക്ക് : ഒരു കാലത്ത് ഉയർന്നു പറന്ന ഇലോൺ മസ്കിൻ്റെ ഇലക്ട്രിക് കാർ ഉപയോക്താക്കളെ ആകർഷിക്കാൻ പാടുപെടുന്നു. 2025-ലെ ആദ്യ മൂന്ന് മാസങ്ങളിൽ ടെസ്‌ല വിൽപ്പന 13% കുറഞ്ഞതായി റിപ്പോർട്ട്. ഈ മാസാവസാനം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന കമ്പനിയുടെ ആദ്യ പാദ വരുമാന റിപ്പോർട്ട് നിക്ഷേപകരെ നിരാശരാക്കുമെന്ന മുന്നറിയിപ്പ് കൂടിയാണിത്. കൂടാതെ ബുധനാഴ്ചത്തെ ട്രേഡിങ്ങിൽ ടെസ്‌ലയുടെ ഓഹരികൾ ഏകദേശം 6% ഇടിഞ്ഞിട്ടുണ്ട്. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി അടുത്ത് പ്രവർത്തിക്കുന്ന, സിഇഒ ഇലോൺ മസ്‌കിൻ്റെ നടപടികളിൽ ഇലക്ട്രിക് കാർ കമ്പനിയെ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ‘ടെസ്‌ല ടേക്ക്‌ഡൗൺ’ പ്രതിഷേധം ലോകമെമ്പാടും ശക്തമായത് വാഹനവിൽപ്പനയെ സാരമായി ബാധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

ജനുവരി മുതൽ മാർച്ച് വരെയുള്ള പാദത്തിൽ ആഗോളതലത്തിൽ 336,681 ടെസ്‌ല വാഹനങ്ങളാണ് വിറ്റഴിച്ചത്. ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ 387,000 ടെസ്‌ല വാഹനങ്ങളാണ് വിറ്റത്. കിഴിവുകൾ, സീറോ ഫിനാൻസിങ്, മറ്റ് പ്രോത്സാഹനങ്ങൾ എന്നിവ ഉണ്ടായിരുന്നിട്ടും വാഹനവിൽപ്പനയെ സാരമായി ബാധിച്ചതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. അമേരിക്കയിലും ചൈനയിലും ടെസ്‌ലയ്ക്ക് ആവശ്യക്കാർ കുറവാണെന്നും യൂറോപ്പിൽ സമ്മർദ്ദം നേരിടുന്നുണ്ടെന്നും ഈ വർഷത്തെ ആദ്യപാദത്തിൽ 408,000 വാഹനങ്ങളുടെ വിൽപ്പനയാണ് കമ്പനി പ്രതീക്ഷിച്ചിരുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.