ഓട്ടവ : പുതിയ യുഎസ് താരിഫുകളുടെ പശ്ചാത്തലത്തിൽ വിൻസർ സ്റ്റെല്ലാൻ്റിസ് അസംബ്ലി പ്ലാൻ്റ് രണ്ടാഴ്ചത്തേക്ക് അടച്ചുപൂട്ടുമെന്ന് യുണിഫോർ ലോക്കൽ 444. ഏപ്രിൽ 7 മുതൽ രണ്ടാഴ്ചത്തേക്ക് കമ്പനിയുടെ പ്രവർത്തനങ്ങൾ നിർത്തിവെക്കുമെന്നാണ് പ്ലാൻ്റിലെ യൂണിയൻ അംഗങ്ങളോട് അറിയിച്ചിരിക്കുന്നത്. കൂടുതൽ ഷെഡ്യൂൾ മാറ്റങ്ങൾ വരുമെന്ന് പ്രതീക്ഷിക്കണമെന്നും യൂണിയൻ അംഗങ്ങൾക്ക് യുണിഫോർ പ്രസിഡൻ്റ് ജെയിംസ് സ്റ്റുവർട്ട് അറിയിച്ചു.

എല്ലാ വിദേശ നിർമ്മിത വാഹനങ്ങൾക്കും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് 25% താരിഫ് പ്രഖ്യാപിതോടെ കാനഡയിലെ മുഴുവൻ വാഹന വ്യവസായത്തിലുടനീളം അനിശ്ചിതത്വം സൃഷ്ടിക്കുമെന്ന് ജെയിംസ് സ്റ്റുവർട്ട് പറയുന്നു. താരിഫ് വിൻസർ സ്റ്റെല്ലാൻ്റിസ് അസംബ്ലി പ്ലാൻ്റിനെ മാത്രമായിരിക്കില്ല ബാധിക്കുക, മറിച്ച് യുഎസിലെയും മെക്സിക്കോയിലെയും നിരവധി പ്ലാൻ്റുകളെ പ്രതിസന്ധിയിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുഎസിലേക്ക് കൂടുതൽ ഉൽപ്പാദനവും തൊഴിലവസരങ്ങളും കൊണ്ടുവരാനുള്ള ശ്രമത്തിൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പുതിയ “പരസ്പര താരിഫുകൾ” ബുധനാഴ്ച പ്രഖ്യാപിച്ചു. കാനഡയെ ആ പരസ്പര താരിഫുകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും ട്രംപ് ഭരണകൂടം സ്റ്റീൽ, അലുമിനിയം എന്നിവയിൽ 25% താരിഫ് നിലനിർത്തിയിട്ടുണ്ട്. കൂടാതെ എല്ലാ വിദേശ നിർമ്മിത വാഹനങ്ങൾക്കും പുതുതായി 25% താരിഫുകളും ഏർപ്പെടുത്തിയിട്ടുണ്ട്. കാനഡയിലെ ഓട്ടോമോട്ടീവ് മേഖലയെ സംബന്ധിച്ചിടത്തോളം, CUSMA സ്വതന്ത്ര വ്യാപാര ഇടപാടിന് അനുസൃതമായ എല്ലാ ഉൽപ്പന്നങ്ങളും തൽക്കാലം താരിഫുകളിൽ നിന്ന് ഒഴിവാക്കുന്നത് തുടരും.