ഓട്ടവ : 45-ാമത് ഫെഡറൽ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് മുതൽ തുടരുന്ന മേൽകൈ നിലനിർത്തി ലിബറൽ പാർട്ടി. ഫെഡറൽ തിരഞ്ഞെടുപ്പ് പ്രചാരണം 14-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ കൺസർവേറ്റീവുകളേക്കാൾ ഫെഡറൽ ലിബറലുകൾക്ക് 11 പോയിൻ്റ് മുൻതൂക്കമുണ്ടെന്ന് പുതിയ നാനോസ് റിസർച്ച് സർവേ റിപ്പോർട്ട് പറയുന്നു. ഏപ്രിൽ 28-ന് നിർണ്ണായക വോട്ടെടുപ്പിന് കളമൊരുങ്ങവേ കനേഡിയൻ പ്രധാനമന്ത്രിസ്ഥാനത്തേക്ക് ലിബറൽ പാർട്ടി ലീഡർ മാർക്ക് കാർണി, മുഖ്യഎതിരാളിയായ കൺസർവേറ്റീവ് പാർട്ടി ലീഡർ പിയേർ പൊളിയേവിനേക്കാൾ 22 പോയിൻ്റ് ലീഡ് നേടിയതായും സർവേ സൂചിപ്പിക്കുന്നു.
നിലവിൽ മാർക്ക് കാർണിയുടെ ലിബറൽ പാർട്ടി, കൺസർവേറ്റീവ് പാർട്ടിയേക്കാൾ 11 പോയിൻ്റിന്‍റെ ലീഡ് നേടിയതായി പുതിയ സർവേ റിപ്പോർട്ട് ചെയ്തു. ലിബറൽ പാർട്ടി 46% വോട്ടർമാരുടെ പിന്തുണ ഉറപ്പാക്കുമ്പോൾ പിയേർ പൊളിയേവ് നയിക്കുന്ന കൺസർവേറ്റീവ് പാർട്ടിക്കുള്ള ജനപിന്തുണ 35 ശതമാനമായി കുറഞ്ഞു. ജഗ്മീത് സിങ് നേതൃത്വം നൽകുന്ന ന്യൂ ഡെമോക്രാറ്റിക് പാർട്ടിക്ക് ഒമ്പത് ശതമാനം ജനപിന്തുണയാണ് സർവേ പ്രവചിക്കുന്നത്. ബ്ലോക് കെബക്കോയിസിന് 5% വോട്ടർമാരുടെയും ഗ്രീൻസ് പാർട്ടിക്ക് 3% വോട്ടർമാരുടെയും പീപ്പിൾസ് പാർട്ടി ഓഫ് കാനഡയ്ക്ക് ഒരു ശതമാനം ജനങ്ങളുടെയും പിന്തുണ ലഭിക്കുമെന്ന് സർവേ പറയുന്നു.

പ്രവിശ്യ തിരിച്ചുള്ള ജനപിന്തുണയിൽ പ്രേയീസ് ഒഴികെയുള്ള എല്ലാ മേഖലകളിലും ലിബറലുകൾ ലീഡ് ചെയ്യുന്നത് തുടരുന്നതായി സർവേ റിപ്പോർട്ട് ചെയ്തു. ഫെഡറൽ തിരഞ്ഞെടുപ്പിലെ വിജയത്തിന് മുഖ്യഘടകമാക്കുന്ന ഒൻ്റാരിയോയിൽ ലിബറലുകൾ ലീഡ് 18 പോയിൻ്റായി ഉയർത്തിയിട്ടുണ്ട്. സർവേയിൽ പങ്കെടുത്തവരിൽ 53 ശതമാനവും ലിബറൽ പാർട്ടിയെ പിന്തുണയ്ക്കുമ്പോൾ കൺസർവേറ്റീവുകൾക്കുള്ള പിന്തുണ കഴിഞ്ഞ സർവേ അപേക്ഷിച്ച് ഒരു പോയിൻ്റ് കുറഞ്ഞ് 35 ശതമാനമായി.
എന്നാൽ, കൺസർവേറ്റീവ് പാർട്ടിയുടെ ശക്തികേന്ദ്രമായി തുടരുന്ന പ്രേയീസ് മേഖലയിൽ പാർട്ടിക്ക് 56% വോട്ടർമാരുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. അവിടെ ലിബറലുകൾക്ക് 25% മാത്രമാണ് പിന്തുണയുള്ളത്. അതേസമയം, കെബെക്കിൽ ലീഡ് നിലനിർത്തി മുന്നേറുകയാണ് ലിബറൽ പാർട്ടി. അവിടെ കൺസർവേറ്റീവുകൾക്ക് 16% പിന്തുണയുള്ളപ്പോൾ ലിബറലുകൾ 52% വോട്ടർമാരുടെ പിന്തുണയോടെ മുന്നേറ്റം തുടരുന്നതായി സർവേ പറയുന്നു.

ഇഷ്ടപ്പെട്ട പ്രധാനമന്ത്രി ആരാണെന്ന ചോദ്യത്തിന് സർവേയിൽ പങ്കെടുത്ത 52% പേർ മാർക്ക് കാർണിയെ തിരഞ്ഞെടുത്തു. അതേസമയം പിയേർ പൊളിയേവിനുള്ള പിന്തുണ രണ്ട് പോയിൻ്റ് ഇടിഞ്ഞ് 29 ശതമാനമായി. തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ തുടക്കം മുതൽ, കൺസർവേറ്റീവ് ലീഡർ പിയേർ പൊളിയേവിനേക്കാൾ ലിബറൽ ലീഡർ മാർക്ക് കാർണിയുടെ നേട്ടം 16-ൽ നിന്ന് 22 പോയിൻ്റായി ഉയർന്നു. ന്യൂ ഡെമോക്രാറ്റിക് പാർട്ടി ലീഡർ ജഗ്മീത് സിങിനെ അഞ്ച് ശതമാനം പേർ മാത്രമാണ് പിന്തുണയ്ക്കുന്നത്.