ഹാലിഫാക്സ് : യുഎസിൽ നിന്നുള്ള താരിഫ് ഭീഷണിക്കിടെ വ്യാപാരബന്ധം ശക്തിപ്പെടുത്താൻ ഡെന്മാർക്ക് സന്ദർശനത്തിനൊരുങ്ങി നോവസ്കോഷ പ്രീമിയർ ടിം ഹൂസ്റ്റൺ. ഇന്ന് (ഏപ്രിൽ 5 ശനിയാഴ്ച) വ്യാപാര ദൗത്യത്തിനായി ഡെന്മാർക്ക് തലസ്ഥാനമായ കോപ്പൻഹേഗനിലേക്ക് പോകുമെന്ന് പ്രവിശ്യാ സർക്കാർ അറിയിച്ചു. അവിടെ ഹെൽത്ത് കെയർ, ഊർജം, സീഫുഡ് മേഖലകളിലെ നേതാക്കളുമായി ഹൂസ്റ്റൺ കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഏപ്രിൽ 8 മുതൽ 10 വരെ കോപ്പൻഹേഗനിൽ നടക്കുന്ന വിൻഡ് യൂറോപ്പിൻ്റെ വാർഷിക പരിപാടിയിലും പ്രീമിയർ പങ്കെടുക്കും.

യൂറോപ്യൻ വിപണികളിൽ നോവസ്കോഷയെ പങ്കാളിയാക്കുക എന്നതും യാത്രയുടെ ഉദ്ദേശ്യത്തിൽ ഉൾപ്പെടുന്നു. ഡെൻമാർക്കുമായുള്ള പ്രവിശ്യയുടെ പങ്കാളിത്തത്തെ വിലമതിക്കുന്നതായി പ്രീമിയർ ഹ്യൂസ്റ്റൺ പറഞ്ഞു. 2024-ൽ നോവസ്കോഷയുടെ കയറ്റുമതി രണ്ടു കോടി 94 ലക്ഷം ഡോളറിലെത്തിയതായി അദ്ദേഹം അറിയിച്ചു. ഡെൻമാർക്കിൽ നിന്നുള്ള ഇറക്കുമതി രണ്ടു കോടി 44 ലക്ഷം ഡോളറാണെന്നും പ്രവിശ്യ പറയുന്നു.