ടൊറൻ്റോ : വസന്തകാലത്തേക്ക് ചുവടുവെക്കുന്നതിന് മുന്നേ ഒൻ്റാരിയോയിൽ വീണ്ടും ശീതകാലം ക്ഷണിക്കപ്പെടാതെ തിരിച്ചുവരുന്നു. ഈ ആഴ്‌ച, ആർട്ടിക്ക് ന്യൂനമർദ്ദത്തെ തുടർന്ന് ഒൻ്റാരിയോയുടെ ചില ഭാഗങ്ങളിൽ അതിശൈത്യകാലാവസ്ഥയും ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും അനുഭവപ്പെടുമെന്ന് ദി വെതർ നെറ്റ്‌വർക്ക് പ്രവചിക്കുന്നു.

തിങ്കളാഴ്‌ച പ്രവിശ്യയിലെ മധ്യ, കിഴക്കൻ പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയും ശക്തമായ കാറ്റും നേരിടേണ്ടി വരും. മിസ്സിസാഗ, ബ്രാംപ്ടൺ, ഹാൾട്ടൺ, ഹാമിൽട്ടൺ, ദുർഹം എന്നിവയുൾപ്പെടെ തെക്കൻ ഒൻ്റാരിയോയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. കൂടാതെ മണിക്കൂറിൽ 40 മുതൽ 70 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റും വീശും. ജോർജിയൻ ഉൾക്കടലിനും ഹ്യൂറോൺ തടാകത്തിനും സമീപമുള്ള പ്രദേശങ്ങളിൽ 2 മുതൽ 5 സെൻ്റീമീറ്റർ വരെ മഞ്ഞ് വീഴും. അതേസമയം സൂ സെ മാരിയിലും സഡ്ബറിയിലും ചൊവ്വാഴ്ചയോടെ 15 മുതൽ 25 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകും. മഞ്ഞുവീഴ്ചയും ശക്തമായ കാറ്റും തീവ്രമാകുന്നതോടെ ഹൈവേ 11, ഹൈവേ 17 എന്നിവയിലൂടെയുള്ള യാത്ര അപകടകരമായേക്കാം. അതേസമയം തിങ്കളാഴ്‌ച രാത്രിയോടെ, കിഴക്കൻ ഒൻ്റാരിയോയിൽ മഞ്ഞ് വീഴും. ഹുറോൺ തടാകത്തിൻ്റെ തീരത്തിനടുത്തും പ്രിൻസ് എഡ്വേർഡ് കൗണ്ടിയിലും മണിക്കൂറിൽ 50 മുതൽ 80 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശും.

എന്നാൽ, ശൈത്യകാലാവസ്ഥ അധികനാൾ നീണ്ടുനിൽക്കില്ലെന്ന് ദി വെതർ നെറ്റ്‌വർക്ക് പറയുന്നു. ആഴ്ചാവസാനത്തോടെ ഒൻ്റാരിയോയിൽ താപനില വീണ്ടും ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നു. അതേസമയം കനത്ത മഞ്ഞും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്ന പ്രദേശങ്ങളിൽ, മുന്നറിയിപ്പും റോഡിൻ്റെ അവസ്ഥയും ഡ്രൈവർമാർ ശ്രദ്ധിക്കണമെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി.