ഓട്ടവ : ഫെഡറൽ തിരഞ്ഞെടുപ്പ് ദിനത്തിന് മൂന്നാഴ്ച്ച മാത്രം ശേഷിക്കെ, പ്രചാരണം ശക്തമാക്കി പ്രധാന പാർട്ടി നേതാക്കൾ. വീട് നിർമ്മാണം, ഗ്യാരണ്ടീഡ് ഇൻകം സപ്ലിമെൻ്റ് വർധന അടക്കമുള്ള വാഗ്ദാനപ്പെരുമഴയുമായി കളംനിറയുകയാണ് ഓരോ പാർട്ടിയുടെയും നേതാക്കൾ.

രജിസ്റ്റർ ചെയ്ത റിട്ടയർമെൻ്റ് ഇൻകം ഫണ്ടിൽ നിന്ന് പിൻവലിക്കേണ്ട ഏറ്റവും കുറഞ്ഞ തുക ഒരു വർഷത്തേക്ക് 25% കുറയ്ക്കുമെന്ന് ലിബറൽ ലീഡർ മാർക്ക് കാർണി പ്രഖ്യാപിച്ചു. കൂടാതെ ഗ്യാരണ്ടീഡ് ഇൻകം സപ്ലിമെൻ്റ് ഒരു വർഷത്തേക്ക് അഞ്ച് ശതമാനം വർധിപ്പിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ബ്രിട്ടിഷ് കൊളംബിയയിലെ റിച്ച്മണ്ടിൽ പ്രാദേശിക സ്ഥാനാർത്ഥികൾക്കൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഇന്ന് രാവിലെ അദ്ദേഹം ബ്രിട്ടിഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
വടക്കൻ ബ്രിട്ടിഷ് കൊളംബിയയിലെ പ്രകൃതി വാതക ദ്രവീകരണ പദ്ധതിയുടെ രണ്ടാം ഘട്ടം ഉൾപ്പെടെ 10 റിസോഴ്സ് പ്രോജക്ടുകൾക്ക് അംഗീകാരം നൽകുമെന്ന് കൺസർവേറ്റീവ് പാർട്ടി ലീഡർ പിയേർ പൊളിയേവ് പറയുന്നു. കൂടാതെ പ്രവിശ്യയിലെ നിരവധി പുതിയ ഖനി നിർമ്മാണങ്ങൾക്കും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടിഷ് കൊളംബിയയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. തുടർന്ന് അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എഡ്മിന്‍റനിലേക്ക് പോകും.

എൻഡിപി ഭരണത്തിലെത്തിയാൽ 2030-ഓടെ രാജ്യത്തുടനീളം മുപ്പത് ലക്ഷം വീടുകൾ നിർമ്മിക്കുമെന്ന് പാർട്ടി ലീഡർ ജഗ്മീത് സിങ് വാഗ്ദാനം ചെയ്തു. തിങ്കളാഴ്ച രാവിലെ നിരവധി ടൊറൻ്റോ എൻഡിപി സ്ഥാനാർത്ഥികൾക്കൊപ്പം ടൊറൻ്റോയിൽ നടന്ന പ്രചാരണ പരിപാടിക്കിടെയാണ് എൻഡിപി നേതാവ് വാഗ്ദാനവുമായി രംഗത്തെത്തിയത്.