ഓട്ടവ : ഒൻ്റാരിയോ കിങ്സ്റ്റണിൽ അഞ്ചാംപനി കേസ് റിപ്പോർട്ട് ചെയ്തതായി സൗത്ത് ഈസ്റ്റ് ഹെൽത്ത് യൂണിറ്റ് (SEHU) മുന്നറിയിപ്പ് നൽകി. മാർച്ച് 29-നും ഏപ്രിൽ 3-നും ഇടയിൽ നഗരത്തിൽ അഞ്ചാംപനി എക്സ്പോഷർ സാധ്യതയുള്ള നാല് കേന്ദ്രങ്ങൾ കണ്ടെത്തിയതായി ആരോഗ്യ യൂണിറ്റ് പറയുന്നു. മാർച്ച് 29 ന് വൈകുന്നേരം അഞ്ച് മണിക്കും രാത്രി എട്ടു മണിക്കും ഇടയിലും മാർച്ച് മാർച്ച് 30-ന് രാവിലെ പതിനൊന്നിനും വൈകിട്ട് അഞ്ച് മണിക്കും ഇടയിലും 511 യൂണിയൻ സെൻ്റ് ഡങ്കൻ മക്ആർതർ ഹാളിൽ അഞ്ചാംപനി ബാധിച്ച ആൾ എത്തിയതായി അധികൃതർ അറിയിച്ചു. മാർച്ച് 31-ന് നാലരയ്ക്കും രാത്രി ഒമ്പതിനും ഇടയിൽ കിങ്സ്റ്റൺ-സ്കാർബ്റോ മെഗാബസിൽ ഇയാൾ യാത്ര ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഏപ്രിൽ 3-ന് രാവിലെ 11 നും വൈകുന്നേരം 5 നും ഇടയിൽ 166 ബ്രോക്ക് സെൻ്റ് ഹോട്ടൽ ഡീയു ഹോസ്പിറ്റൽ അർജൻ്റ് കെയർ സെൻ്ററിലും അഞ്ചാംപനി ബാധിതൻ എത്തിയതായി ആരോഗ്യ ഏജൻസി റിപ്പോർട്ട് ചെയ്തു.

അഞ്ചാംപനിയിൽ നിന്നും സംരക്ഷണം ഉറപ്പാക്കാൻ ഈ സ്ഥലങ്ങളിൽ ഉണ്ടായിരുന്നവർ അവരുടെ വാക്സിനേഷൻ രേഖകൾ പരിശോധിക്കണമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. വാക്സിൻ സ്വീകരിച്ചവരും എക്സ്പോഷർ തീയതിക്ക് ശേഷം 21 ദിവസത്തേക്ക് രോഗലക്ഷണങ്ങൾ പരിശോധിക്കണം. രോഗബാധിതനായ ഒരാൾ ശ്വസിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ വായുവിലൂടെ പടരുന്ന ഒരു പകർച്ചവ്യാധിയാണ് അഞ്ചാംപനി. വൈറസിന് വായുവിലോ ഉപരിതലത്തിലോ രണ്ട് മണിക്കൂർ വരെ നിലനിൽക്കാൻ കഴിയും. മലിനമായ വായു ശ്വസിക്കുകയോ അല്ലെങ്കിൽ രോഗബാധിതമായ പ്രതലത്തിൽ സ്പർശിക്കുകയോ ചെയ്താൽ ആളുകൾക്ക് അണുബാധയുണ്ടാകാം, സൗത്ത് ഈസ്റ്റ് ഹെൽത്ത് യൂണിറ്റ് പറയുന്നു. പനി, മൂക്കൊലിപ്പ്, ചുമ, കണ്ണുകൾക്ക് ചുവന്ന നിറം, മുഖത്ത് ആരംഭിച്ച് ശരീരത്തിലുടനീളം പടരുന്ന ചുവന്ന ചുണങ്ങു, വായയുടെയും തൊണ്ടയുടെയും ഉള്ളിൽ പ്രത്യക്ഷപ്പെടുന്ന ചെറിയ നീല-വെളുത്ത പാടുകൾ (കോപ്ലിക് പാടുകൾ) എന്നിവ അഞ്ചാംപനിയുടെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. അഞ്ചാംപനിക്കെതിരെ വാക്സിനേഷൻ എടുത്തിട്ടുണ്ടെങ്കിലും ജാഗ്രത പാലിക്കണം. രോഗലക്ഷണങ്ങൾ കണ്ടെത്തുന്നവർ ഉടൻ തന്നെ ഹെൽത്ത് കെയർ പ്രൊവൈഡറെ ബന്ധപ്പെടണം, അധികൃതർ നിർദ്ദേശിച്ചു.