ഓട്ടവ : ആയിരക്കണക്കിന് യോഗ്യരായ ഒൻ്റാരിയോ നിവാസികൾക്ക് ആശ്വാസം പകർന്നുകൊണ്ട് അടുത്ത ഒൻ്റാരിയോ ട്രില്ലിയം ബെനിഫിറ്റ് (OTB) പേയ്‌മെൻ്റ് ഏപ്രിൽ 10-ന് ലഭിക്കും. സാധാരണയായി, ഓരോ മാസവും പത്താം തീയതിയാണ് പേയ്‌മെൻ്റുകൾ വിതരണം ചെയ്യുന്നത്. 2024-ലുണ്ടായ വർധനയോടെ ഊർജ ബില്ലുകൾ, പ്രോപ്പർട്ടി ടാക്‌സ്, സെയിൽസ് ടാക്‌സ് തുടങ്ങിയ കുതിച്ചുയരുന്ന ചെലവുകൾ താങ്ങാൻ സാധാരണക്കാരെ സഹായിക്കുന്നതിനാണ് ഈ സുപ്രധാന പ്രോഗ്രാം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

ഒൻ്റാരിയോ സെയിൽസ് ടാക്സ് ക്രെഡിറ്റ് (OSTC), നോർത്തേൺ ഒൻ്റാരിയോ എനർജി ക്രെഡിറ്റ് (NOEC), ഒൻ്റാരിയോ എനർജി ആൻഡ് പ്രോപ്പർട്ടി ടാക്സ് ക്രെഡിറ്റുകൾ (OEPTC) എന്നീ പ്രോഗ്രാമുകൾ കൂടിച്ചേരുന്നതാണ് ഒൻ്റാരിയോ ട്രില്ലിയം ബെനിഫിറ്റ്. ഇതിൽ ഉയർന്ന ഊർജ്ജ ചെലവുകളും പ്രോപ്പർട്ടി ടാക്സും അടയ്ക്കാൻ ഒൻ്റാരിയോ എനർജി ആൻഡ് പ്രോപ്പർട്ടി ടാക്സ് ക്രെഡിറ്റ് (OEPTC) സഹായിക്കുന്നു. പ്രവിശ്യയിലെ നോർത്തേൺ മേഖലയിലെ നിവാസികൾക്ക് ഊർജ്ജ ചെലവുകൾ ലഘൂകരിക്കാൻ നോർത്തേൺ ഒൻ്റാരിയോ എനർജി ക്രെഡിറ്റ് (NOEC) ഉപകരിക്കും. യോഗ്യരായ പ്രവിശ്യാ നിവാസികളുടെ വിൽപ്പന നികുതിയുടെ ഭാരം ലഘൂകരിക്കുന്നതിനായി ഒൻ്റാരിയോ സെയിൽസ് ടാക്സ് ക്രെഡിറ്റ് (OSTC) പ്രോഗ്രാം സഹായിക്കും. നിങ്ങളുടെ കലണ്ടറിൽ അടയാളപ്പെടുത്തുക! മെയ് 9, ജൂൺ 10, ജൂലൈ 10, ഓഗസ്റ്റ് 8, സെപ്റ്റംബർ 10, ഒക്ടോബർ 10, നവംബർ 10, ഡിസംബർ 10 എന്നിവയാണ് 2025-ലെ OTB പേയ്‌മെൻ്റ് വിതരണ തീയതികൾ.

ഒരു വ്യക്തിക്ക് അവരുടെ പ്രായം, വരുമാനം, താമസിക്കുന്ന സ്ഥലം, കുടുംബങ്ങളുടെ എണ്ണം, വാടകയ്‌ക്കോ വസ്തുനികുതിയിലോ അടച്ച തുക എന്നിവയെ ആശ്രയിച്ചാണ് ഒൻ്റാരിയോ ട്രില്ലിയം ബെനിഫിറ്റ് കണക്കാക്കുക. എന്നാൽ, ഒരു വ്യക്തിക്കോ കുടുംബത്തിനോ നൽകുന്ന OTB വാർഷിക പേയ്‌മെൻ്റ് 360 ഡോളറോ അതിൽ കുറവോ ആണെങ്കിൽ ഒറ്റത്തവണയായി പേയ്‌മെൻ്റ് വിതരണം ചെയ്യാറുണ്ട്. ഇത് സാധാരണ ജൂലൈ മാസത്തിലാണ് വിതരണം ചെയ്യുക.