ടൊറൻ്റോ : കഴിഞ്ഞ ആഴ്ചയുണ്ടായ ശക്തമായ ഹിമക്കാറ്റിൽ ഏകദേശം 55,000 ഒൻ്റാരിയോ നിവാസികൾ ഇരുട്ടിൽ തന്നെ. ഞായറാഴ്ച വൈദ്യുതിയില്ലാത്ത ഉപയോക്താക്കളുടെ എണ്ണം 69,000 ആയി കുറഞ്ഞിരുന്നെങ്കിലും വൈകുന്നേരത്തോടെ ഈ എണ്ണം 80,000 ആയി ഉയർന്നിരുന്നു. കഴിഞ്ഞ വാരാന്ത്യത്തിലെ ഹിമകൊടുങ്കാറ്റിലും തുടർന്നുള്ള ദിവസങ്ങളിലെ ശക്തമായ കാറ്റും കനത്ത മഴയും കാരണം ഒൻ്റാരിയോയിലെ ഒരു ദശലക്ഷത്തിലധികം വീടുകളും വ്യാപാരസ്ഥാപനങ്ങളും വൈദ്യുതി തടസ്സം നേരിട്ടിരുന്നു.

നിലവിൽ കാലാവസ്ഥ അനുകൂലമാണെന്നും നാശനഷ്ടങ്ങൾ പരിശോധിക്കാൻ ഹെലികോപ്റ്ററുകളുടെയും ഡ്രോണുകളുടെയും സഹായത്തോടെ ഹൈഡ്രോ വണ്ണിൻ്റെ 4,800 ക്രൂ അംഗങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് പ്രവിശ്യാ യൂട്ടിലിറ്റി പറയുന്നു. ഗുരുതരമായ തകരാർ പരിഹരിക്കാൻ ശനിയാഴ്ച മൈൻഡെൻ ഏരിയയിലെ പവർ സിസ്റ്റത്തിലെ 50 ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിച്ചതായി ഹൈഡ്രോ വൺ അറിയിച്ചു. അതേസമയം കവാർത്ത ലേക്കിലും പരിസരപ്രദേശങ്ങളിലുമാണ് ഏറ്റവും കൂടുതൽ ഉപയോക്താക്കൾ വൈദ്യുതി തടസ്സം നേരിടുന്നത്. ഇവിടെ 20,000 പേർ ഇരുട്ടിലാണ്.