ഓട്ടവ : സ്ഥിരതാമസക്കാർക്കുള്ള പൗരത്വ ഫീസ് വർധിപ്പിച്ച് കാനഡ. മാർച്ച് 31 മുതൽ ഫീസ് വർധന നിലവിൽ വന്നു. മാർച്ച് 31-നോ അതിന് ശേഷമോ കനേഡിയൻ പൗരത്വത്തിനായി അപേക്ഷിച്ച അല്ലെങ്കിൽ അപേക്ഷിക്കുന്ന സ്ഥിര താമസക്കാർ ഇപ്പോൾ 119.75 ഡോളർ ഫീസ് അടയ്ക്കണം. ഇതിന് മുമ്പ് 100 ഡോളറായിരുന്നു ഫീസ്. മാർച്ച് 31-ന് അർദ്ധരാത്രിക്ക് മുമ്പ് കനേഡിയൻ പൗരത്വ അപേക്ഷ ഓൺലൈനായി നൽകുകയും ഫീസ് അടയ്ക്കുകയും ചെയ്തവർക്ക് ഈ മാറ്റം ബാധകമായിരിക്കില്ല.

കനേഡിയൻ പൗരത്വത്തിന് അപേക്ഷിക്കുന്നതിന്, 18 വയസും അതിൽ കൂടുതലുമുള്ള സ്ഥിര താമസക്കാർ, 530 ഡോളർ പ്രോസസ്സിങ് ഫീസ്, 119.75 ഡോളർ റൈറ്റ് ഓഫ് സിറ്റിസൺഷിപ്പ് ഫീസ് എന്നിങ്ങനെ രണ്ട് ഫീസ് അടയ്ക്കണം. കനേഡിയൻ പൗരന് ജനിച്ച പൗരത്വമില്ലാത്ത മുതിർന്നവരും വർധിച്ച പൗരത്വ ഫീസ് നൽകണം. എന്നാൽ, പ്രായപൂർത്തിയാകാത്തവർ (18 വയസ്സിന് താഴെയുള്ളവർ) പൗരത്വത്തിന് അപേക്ഷിക്കുമ്പോൾ 100 ഡോളർ പ്രോസസ്സിങ് ഫീസ് മാത്രം നൽകിയാൽ മതിയാകും. നിലവിൽ കനേഡിയൻ പൗരത്വ അപേക്ഷകൾക്കുള്ള നിലവിലെ പ്രോസസ്സിങ് സമയം ഏകദേശം എട്ട് മാസമാണ്.