ഓട്ടവ : ഫെഡറൽ തിരഞ്ഞെടുപ്പ് പ്രചാരണം 17-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ലിബറൽ പാർട്ടിയുടെ ലീഡ് കുറയുന്നു. കൺസർവേറ്റീവ് പാർട്ടിയേക്കാൾ ഫെഡറൽ ലിബറലുകൾക്കുള്ള ലീഡ് അഞ്ച് പോയിൻ്റായി കുറഞ്ഞതായി നാനോസ് റിസർച്ചിൻ്റെ ഏറ്റവും പുതിയ സർവേ പറയുന്നു.

ദേശീയതലത്തിൽ മാർക്ക് കാർണി നേതൃത്വം നൽകുന്ന ലിബറൽ പാർട്ടിക്കുള്ള ജനപിന്തുണ മൂന്ന് പോയിൻ്റ് ഇടിഞ്ഞ് 43 ശതമാനത്തിലെത്തി. അതേസമയം പിയേർ പൊളിയേവ് ലീഡറായുള്ള കൺസർവേറ്റീവുകളുടെ പിന്തുണ മൂന്ന് പോയിൻ്റ് വർധിച്ച് 38 ശതമാനമായി ഉയർന്നു. എന്നാൽ, 25 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജനപിന്തുണയിലേക്ക് ന്യൂ ഡെമോക്രാറ്റിക് പാർട്ടി കൂപ്പുകുത്തിയതായി സർവേ സൂചിപ്പിക്കുന്നു. എൻഡിപിക്കുള്ള പിന്തുണ എട്ട് ശതമാനമായതായി നാനോസ് റിസർച്ച് സർവേയിൽ പറയുന്നു. ബ്ലോക്ക് കെബെക്കോയിസ് (ഏഴ് ശതമാനം), ഗ്രീൻ പാർട്ടി ഓഫ് കാനഡ (മൂന്ന് ശതമാനം), പീപ്പിൾസ് പാർട്ടി ഓഫ് കാനഡ (ഒരു ശതമാനം) എന്നീ പാർട്ടികളാണ് തുടർസ്ഥാനത്ത്. മൂന്ന് ദിവസം മുമ്പുള്ളതിനെ അപേക്ഷിച്ച്, ലിബറലുകൾ മൂന്ന് പോയിൻ്റ് ഇടിവ് നേരിട്ടപ്പോൾ കൺസർവേറ്റീവുകൾ മൂന്ന് പോയിൻ്റ് ഉയർന്നു, നാനോസ് റിസർച്ചിലെ ചീഫ് ഡാറ്റ സയൻ്റിസ്റ്റ് നിക്ക് നാനോസ് അറിയിച്ചു.
ഏറ്റവും കൂടുതൽ സീറ്റുകളുള്ള ഒൻ്റാരിയോയിലും കൺസർവേറ്റീവുകൾ നേട്ടമുണ്ടാക്കി. പാർട്ടിയുടെ ലീഡ് 41 ശതമാനത്തിലെത്തി. അതേസമയം, കഴിഞ്ഞ കുറേ ദിവസങ്ങളെ അപേക്ഷിച്ച് ലിബറലുകളുടെ ജനപിന്തുണയിൽ ഇടിവുണ്ടായി. ലിബറൽ പാർട്ടിക്കുള്ള ജനപിന്തുണ ഇപ്പോൾ 48 ശതമാനത്തിലെത്തി. എന്നാൽ, ഇപ്പോളും പ്രേയീസ് ഒഴികെയുള്ള എല്ലാ മേഖലകളിലും ലിബറലുകൾ ലീഡ് ചെയ്യുന്നത് തുടരുന്നു. കെബെക്കിൽ ലിബറൽ പാർട്ടി മുന്നിട്ടുനിൽക്കുന്നു. 42 ശതമാനമാണ് ലിബറൽ പാർട്ടിയുടെ ലീഡ്. അതേസമയം പ്രവിശ്യയിൽ 29 ശതമാനവുമായി ബ്ലോക്ക് കെബെക്കോയിസ് രണ്ടാം സ്ഥാനത്താണ്. 19 ശതമാനമാണ് കൺസർവേറ്റീവ് പാർട്ടിയുടെ ജനപിന്തുണ.

എൻഡിപിയെ സംബന്ധിച്ചിടത്തോളം ബ്രിട്ടിഷ് കൊളംബിയ അവരുടെ ഏറ്റവും മികച്ച മേഖലയായി തുടരുന്നു. അവിടെ പാർട്ടിക്ക് 18% പിന്തുണയുണ്ട്. എന്നാൽ, ഇപ്പോഴും, 42% പിന്തുണയോടെ ലിബറലുകൾ പ്രവിശ്യയിൽ വളരെ മുന്നിലാണ്. കൺസർവേറ്റീവുകൾ 32 ശതമാനവുമായി രണ്ടാമതെത്തി.