വിനിപെഗ് : കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മാർച്ചിൽ മാനിറ്റോബയിലെ വീടുകളുടെ വിൽപ്പന കുതിച്ചുയർന്നതായി വിനിപെഗ് റീജനൽ റിയൽ എസ്റ്റേറ്റ് ബോർഡ് (WRREB). 2024 മാർച്ചിൽ നിന്ന് ആറ് ശതമാനം വർധനയിൽ 2025 മാർച്ചിൽ എല്ലാ വിഭാഗങ്ങളിലുമായി 1,189 വീടുകളുടെ വിൽപ്പന നടന്നതായി ബോർഡ് റിപ്പോർട്ട് ചെയ്തു. എന്നാൽ വീടുകളുടെ വിൽപ്പനയിൽ അഞ്ച് വർഷത്തെ ശരാശരിയിൽ നിന്ന് 11% ഇടിവ് ഉണ്ടായിട്ടുണ്ടെന്നും ബോർഡ് അറിയിച്ചു. സജീവ ലിസ്റ്റിങ്ങുകളും കഴിഞ്ഞ മാർച്ചിൽ നിന്ന് ഒമ്പത് ശതമാനം ഇടിഞ്ഞു.

പ്രവിശ്യയിലെ ഡിറ്റാച്ച്ഡ് വീടുകളുടെ വിൽപ്പന 776 ആയി ഉയർന്നു. 2024 മാർച്ചിനെ അപേക്ഷിച്ച് 12% വർധനയാണ് ഈ വിഭാഗത്തിൽ ഉണ്ടായിട്ടുള്ളത്. കൂടാതെ നാല് ശതമാനം വർധനയിൽ ഡിറ്റാച്ച്ഡ് വീടുകളുടെ ശരാശരി വില 470,399 ഡോളറായി. കോണ്ടമിനിയം വിൽപ്പനയും ആറ് ശതമാനം ഉയർന്നു. കഴിഞ്ഞ മാർച്ചിൽ നിന്നും നേരിയ പുരോഗതിയിൽ ശരാശരി വില 277,068 ഡോളറായും വർധിച്ചു. വിനിപെഗ് നഗരത്തിൽ വീടുകളുടെ ശരാശരി വില ഒമ്പത് ശതമാനം ഉയർന്ന് 455,506 ഡോളറിലെത്തി.