വിക്ടോറിയ : ലൈംഗികാതിക്രമത്തിനും കുട്ടികളുടെ അശ്ലീലചിത്രങ്ങൾ വിതരണം ചെയ്തതിനും വിക്ടോറിയ സ്വദേശിയായ യുവാവിന് തടവ് ശിക്ഷ. കേസിൽ മാർച്ച് 27-ന് കുറ്റസമ്മതം നടത്തിയ ക്ലേട്ടൺ തോമസ് ഫ്ലെച്ചറിനെ (42) ആറര വർഷത്തെ തടവിന് ശിക്ഷിച്ചതായി വിക്ടോറിയ പൊലീസ് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു.

കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കൈവശം വച്ചതായി കാൽഗറി സ്വദേശിയിൽ നിന്നും കഴിഞ്ഞ ഏപ്രിൽ 14-ന് സൂചന ലഭിച്ചതിനെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചതെന്ന് പൊലീസ് പറയുന്നു. രണ്ട് ദിവസത്തിന് ശേഷം ഏപ്രിൽ 16 ന് അന്വേഷകർ ഫ്ലെച്ചറിൻ്റെ രണ്ട് വസതികളിലും വാഹനത്തിലും തിരച്ചിൽ നടത്തുകയും തുടർന്ന് ഫ്ലെച്ചറെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തെളിവായി പിടിച്ചെടുത്ത ഒന്നിലധികം ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധിച്ച ശേഷം രണ്ടായിരത്തി അഞ്ഞൂറോളം കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിൻ്റെ ചിത്രങ്ങളും വിഡിയോകളും കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ടെലിഗ്രാം ആപ്പിൽ നിന്ന് ഫ്ലെച്ചറും യുഎസിലെ രണ്ടുപേരും തമ്മിലുള്ള ആശയവിനിമയങ്ങളും കണ്ടെത്തിയിട്ടുണ്ട്.