വാഷിംഗ്ടൺ : ലോകരാജ്യങ്ങൾക്കെതിരെ ചുമത്തിയ 10% അടിസ്ഥാന പരസ്പര താരിഫുകളിൽ നിന്ന് കാനഡയെ ഒഴിവാക്കിയതായി വൈറ്റ് ഹൗസ്. എന്നാൽ, കാനഡയ്‌ക്കെതിരെ ചുമത്തിയ വിദേശ നിർമ്മിത വാഹനങ്ങളുടെ 25% ഉൾപ്പെടെ മറ്റ് നിരവധി താരിഫുകൾ നിലവിലുണ്ടെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. അതേസമയം കാനഡ-യു.എസ്-മെക്സിക്കോ ഉടമ്പടിയുടെ (CUSMA) അമേരിക്കൻ ഇതര വാഹന ഘടകങ്ങൾക്ക് മാത്രമായി നികുതി ചുമത്തുന്നതിന് യുഎസ് ഭരണകൂടം പ്രത്യേക നടപടി സ്വീകരിക്കുന്നത് വരെ കനേഡിയൻ വാഹനങ്ങൾക്ക് ഇളവ് ലഭിക്കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. ചൈന ഒഴികെയുള്ള രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ പ്രതികാര തീരുവ മരവിപ്പിച്ചതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇന്ന് പ്രഖ്യാപിച്ചിരുന്നു. 75 രാജ്യങ്ങൾക്കുള്ള തീരുവ 90 ദിവസത്തേക്ക് 10% മാത്രമായിരിക്കുമെന്നും എന്നാൽ, ചൈനയ്ക്ക് മേലുള്ള തീരുവ 125 ശതമാനമാക്കി ഉയർത്തിയതായും ട്രംപ് വ്യക്തമാക്കി.

എന്നാൽ, മാർച്ച് 12 മുതൽ പ്രാബല്യത്തിൽ വന്ന സ്റ്റീൽ, അലൂമിനിയം എന്നിവയുടെ ലെവികളും നിലവിലുണ്ട്. അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ കനേഡിയൻ ഇറക്കുമതികൾക്കും 25 ശതമാനവും കനേഡിയൻ ഊർജത്തിന് 10 ശതമാനവും താരിഫുകൾ എല്ലാ CUSMA ഉടമ്പടിയിൽ ഇല്ലാത്ത സാധനങ്ങൾക്കും ബാധകമാണ്.