ഓട്ടവ : 36 ദിവസത്തെ ഫെഡറൽ തിരഞ്ഞെടുപ്പ് പ്രചാരണം 19-ാം ദിവസത്തിലേക്ക് എത്തുമ്പോൾ ലിബറൽ-കൺസർവേറ്റീവ് പാർട്ടികൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് പുതിയ സർവേ. ഇരുപാർട്ടികളും തമ്മിലുള്ള ലീഡ് നില അഞ്ച് പോയിൻ്റ് ആയി കുറഞ്ഞതായി ഏറ്റവും പുതിയ നാനോസ് റിസർച്ച് സർവേ റിപ്പോർട്ട്. ദേശീയതലത്തിൽ ലിബറൽ പാർട്ടിക്കുള്ള പിന്തുണ 43 ശതമാനമായി തുടരുന്നു. എന്നാൽ, ഒരു പോയിൻ്റ് കുറഞ്ഞ് കൺസർവേറ്റീവുകൾക്കുള്ള ജനപിന്തുണ 38 ശതമാനമായി.

ന്യൂ ഡെമോക്രാറ്റിക് പാർട്ടിക്കുള്ള ജനപിന്തുണ ഒറ്റയക്കത്തിൽ തുടരുന്നതായി സർവേ റിപ്പോർട്ട് ചെയ്തു. ഒമ്പത് ശതമാനമാണ് എൻഡിപിയുടെ ജനപിന്തുണ. ബ്ലോക്ക് കെബെക്കോയിസിന് ആറു ശതമാനവും ഗ്രീൻ പാർട്ടി ഓഫ് കാനഡയ്ക്ക് രണ്ടു ശതമാനവും പീപ്പിൾസ് പാർട്ടി ഓഫ് കാനഡയ്ക്ക് ഒരു ശതമാനവും പിന്തുണയാണുള്ളതെന്ന് സർവേ റിപ്പോർട്ട് ചെയ്തു.

ആരെയാണ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുന്നതെന്നതിൽ ലിബറൽ ലീഡർ മാർക്ക് കാർണിക്ക് ഇപ്പോഴും ലീഡുണ്ട്. എന്നാൽ, മൂന്ന് ദിവസം മുമ്പത്തെ സർവേയെ അപേക്ഷിച്ച് കാർണിക്കുള്ള പിന്തുണയിൽ മൂന്ന് പോയിൻ്റ് ഇടിഞ്ഞ് 47 ശതമാനമായി. 35% ജനങ്ങളുടെ പിന്തുണയോടെ കൺസർവേറ്റീവ് ലീഡർ പിയേർ പൊളിയേവ് രണ്ടാം സ്ഥാനത്ത് തുടരുന്നു. എന്നാൽ, ഒരാഴ്‌ച മുമ്പ് വരെ കാർണിയുടെ നേട്ടം 20 ശതമാനത്തിലധികം പോയിൻ്റായിരുന്നു. എന്നാൽ 12 പോയിൻ്റ് കുറഞ്ഞിട്ടുണ്ട്.