ഓട്ടവ : കനേഡിയൻ സൗന്ദര്യമത്സരങ്ങളിൽ മലയാളി യുവതിയുടെ വിജയഗാഥ. മിസ്സ് ഓട്ടവ 2024 കിരീടത്തിനൊപ്പം മിസ്സ് കാനഡ നോവകോസ്മോ 2025 പട്ടവും സ്വന്തമാക്കിയിരിക്കുകയാണ് മലയാളി യുവതി ലിനോർ സൈനബ്. ഒരു വർഷത്തിനിടെ രണ്ടു സൗന്ദര്യപട്ടങ്ങൾ എന്ന ശ്രദ്ധേയമായ നേട്ടമാണ് 20 വയസ്സുള്ള ലിനോർ സൈനബ് കരസ്ഥമാക്കിയിരിക്കുന്നത്. ഇതോടെ ഒക്ടോബറിൽ, നോവകോസ്മോ വേൾഡ്‌വൈഡ് മത്സരത്തിൽ ലിനോർ കാനഡയെ പ്രതിനിധീകരിച്ച് മത്സരിക്കും.

ആലുവ കറുപ്പംവീട്ടിൽ ഡോ. മുഹമ്മദ് ലിബാബ്-ഫാത്തിമ റഹ്മാൻ ദമ്പതികളുടെ മൂന്ന് മക്കളിൽ മൂത്ത മകളാണ് ലിനോർ. കാൽഗറി ഫുട് ഹിൽസ് ഹോസ്പിറ്റലിലെ പീഡിയാട്രിക് വിഭാഗം ഡോക്ടറാണ് മുഹമ്മദ് ലിബാബ്. മുഹമ്മദ് ഇമ്രാൻ, ഡന്നിയാൽ എന്നിവരാണ് സഹോദരങ്ങൾ. ഏറ്റുമാനൂർ സ്വദേശികളായ സുൽഫിയ റഹ്മാൻ്റെയും സിദ്ദിക് റഹ്മാൻ്റെയും കൊച്ചുമകളാണ് ലെനോർ.