ഫ്ലോറിഡ : സൗത്ത് ഫ്ലോറിഡയിലെ പ്രധാന അന്തർസംസ്ഥാന ഹൈവേയ്ക്ക് സമീപം ചെറിയ വിമാനം തകർന്ന് മൂന്ന് പേർ കൊല്ലപ്പെട്ടു. ബൊക്ക റാട്ടൺ എയർപോർട്ടിൽ നിന്ന് തലഹാസിയിലേക്ക് പുറപ്പെട്ട സെസ്‌ന 310 വിമാനമാണ് ഇൻ്റർസ്റ്റേറ്റ് ഹൈവേ 95-ന് സമീപം വെള്ളിയാഴ്ച രാവിലെ 10:20 ഓടെ തകർന്ന് വീണത്. വിമാനത്തിലുണ്ടായിരുന്ന മൂന്നു പേരും മരിച്ചതായി ബൊക്ക റാറ്റൺ ഫയർ റെസ്‌ക്യൂ അസിസ്റ്റൻ്റ് ചീഫ് മൈക്കൽ ലാസല്ലെ അറിയിച്ചു.

വിമാനം തകർന്നു വീഴുന്നതിനിടെ സമീപത്തുണ്ടായിരുന്ന കാർ റെയിൽവേ ട്രാക്കിലേക്ക് തെറിച്ച് പോയതായി മൈക്കൽ ലാസല്ലെ അറിയിച്ചു. കാറിലുണ്ടായിരുന്ന ഒരാൾക്ക് പരുക്കേറ്റു. അപകടത്തെ തുടർന്ന് ബൊക്ക റാട്ടൺ എയർപോർട്ടിന് സമീപമുള്ള നിരവധി റോഡുകൾ അടച്ചിട്ടുണ്ടെന്ന് ബൊക്ക റാറ്റൺ പൊലീസ് അറിയിച്ചു. എഫ്എഎയും നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം ആരംഭിച്ചു.

ന്യൂയോർക്ക് നഗരത്തിലെ കാഴ്ചകൾ കാണാനുള്ള ഹെലികോപ്ടർ പൊട്ടിത്തെറിച്ച് ഹഡ്‌സൺ നദിയിൽ വീണ് പൈലറ്റും അഞ്ച് സ്പാനിഷ് വിനോദസഞ്ചാരികളും കൊല്ലപ്പെട്ട് ഒരു ദിവസത്തിന് ശേഷമാണ് സൗത്ത് ഫ്ലോറിഡയിലെ വിമാനാപകടം.