വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് നടപടിക്കെതിരെയുള്ള തിരിച്ചടി ശക്തമാക്കി ചൈന. അമേരിക്കൻ ഉൽപ്പന്നങ്ങൾക്കുള്ള താരിഫ് 84% ൽ നിന്ന് 125% ആയി ഉയർത്തിയതായി ചൈനീസ് ധനകാര്യ മന്ത്രാലയം അറിയിച്ചു. യുഎസ് കൂടുതൽ താരിഫ് ചുമത്തുന്നത് തുടർന്നാൽ അത് ലോക സമ്പദ്‌വ്യവസ്ഥയുടെ ചരിത്രത്തിൽ ഒരു തമാശയായി മാറുമെന്ന്
മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ട്രംപ് മറ്റ് രാജ്യങ്ങൾക്കുള്ള താരിഫുകൾ താൽക്കാലികമായി നിർത്തിവച്ചപ്പോഴും, താരിഫ് വർധിപ്പിച്ചുകൊണ്ട് ചൈനയുമായുള്ള വ്യാപാരയുദ്ധം രൂക്ഷമാക്കിയതിന് പിന്നാലെയാണ് ചൈനയുടെ നടപടി.

അതേസമയം ചൈനക്കെതിരെ അമേരിക്കൻ തീരുവ 145 ശതമാനമെന്ന് വൈറ്റ് ഹൗസ് പ്രഖ്യാപിച്ചിരുന്നു. കൂടാതെ ചൈനയുമായി അമേരിക്ക ചർച്ചകൾക്ക് തയ്യാറാണ്. എന്നാൽ, ചൈന ആദ്യം മുന്നോട്ട് വരണമെന്നാണ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെടുന്നത്. ട്രംപിന്‍റെ പകരചുങ്കത്തിനെതിരെ ഏതറ്റം വരെയും പോകുമെന്നാണ് ചൈനയുടെ നിലപാട്.