ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് ജർമ്മനി. ന്യൂയോർക്കിലെ ഫെഡറൽ റിസർവ് ബാങ്കിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണ ശേഖരം പിൻവലിക്കുന്നതിനെക്കുറിച്ച് ജർമ്മനി പദ്ധതിയിടുന്നതായി റിപ്പോർട്ട്. വിദേശനയം, വ്യാപാര ബന്ധങ്ങൾ, ആഭ്യന്തര രാഷ്ട്രീയം തുടങ്ങിയ അമേരിക്കയിലെ സമീപകാല സംഭവവികാസങ്ങളാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ ജർമ്മനിയെ പ്രേരിപ്പിച്ചത്.

ഏകദേശം 113 ബില്യൺ വിലമതിക്കുന്ന ജർമ്മനിയുടെ സ്വർണ്ണ ശേഖരം നിലവിൽ ന്യൂയോർക്കിലാണ് സൂക്ഷിച്ചിരിക്കുന്നത്. മൊത്തം സ്വർണ്ണ ശേഖരത്തിന്റെ 37% ഫെഡറൽ റിസർവിലാണ്. സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കിക്കൊണ്ട്, സിഡിയു രാഷ്ട്രീയക്കാർ സ്വർണ്ണ ശേഖരം പതിവായി അമേരിക്കയിലെത്തി പരിശോധിക്കുന്നതിനോ അല്ലെങ്കിൽ അവ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനോ വേണ്ടി വാദിക്കുകയാണിപ്പോൾ. ചിലർ എല്ലാ ജർമ്മൻ സ്വർണ്ണ ശേഖരവും ഫ്രാങ്ക്ഫർട്ടിലേക്കോ കുറഞ്ഞത് യൂറോപ്പിലേക്കോ ഉടനടി മാറ്റണമെന്ന് ആവശ്യപ്പെടുന്നുണ്ട്.
എന്നാൽ ജർമ്മനിയുടെ സ്വർണ്ണ ശേഖരം സൂക്ഷിക്കുന്നതിന് ന്യൂയോർക്കിലെ ഫെഡറൽ റിസർവ് വിശ്വസനീയമായ ഒരു പങ്കാളിയാണെന്ന് പ്രസ്താവിച്ചുകൊണ്ട് ജർമ്മൻ സെൻട്രൽ ബാങ്ക് പാർട്ടിയുടെ നിർദ്ദേശങ്ങളെ തള്ളിക്കളയുകയും ചെയ്തു. എന്നിരുന്നാലും, ആഗോള രാഷ്ട്രീയത്തിലും വ്യാപാരത്തിലും അമേരിക്കയുടെ പങ്കിനെക്കുറിച്ച് യൂറോപ്യൻ സഖ്യകക്ഷികൾക്കിടയിൽ വർധിച്ചുവരുന്ന അസ്വസ്ഥതയാണ് ഇപ്പോൾ ആരംഭിച്ച ഈ ചർച്ച എടുത്തുകാണിക്കുന്നത്.