ന്യൂയോർക്ക്: വന്ധ്യത ചികിത്സാ രംഗത്ത് വിപ്ലവം സൃഷ്ടിച്ച് സാങ്കേതികവിദ്യയുടെ ആദ്യ പരീക്ഷണം വിജയം കണ്ടു. ലോകത്ത് ആദ്യമായി ഐവിഎഫ് രംഗത്ത് നിർമിത ബുദ്ധി (എഐ) ഉപയോഗപ്പെടുത്തി നടത്തിയ കൃത്രിമ ബീജസങ്കലനത്തിലൂടെ കുഞ്ഞ് പിറന്നു. വിവിധ ഘട്ടങ്ങളിലൂടെ വിദഗ്ധർ കൈകൾ ഉപയോഗിച്ച് ചെയ്യുന്ന സങ്കീർണമായ നടപടികളാണ് പൂർണമായും യന്ത്ര സഹായത്തോടെ പൂർത്തീകരിച്ചതെന്ന് ഗവേഷകർ അറിയിച്ചു.
എംബ്രിയോളജിസ്റ്റായ ഡോ ജാക്വിസ് കൊഹന്റെ നേതൃത്വം നൽകിയ പരീക്ഷണത്തിൽ മെക്സികോയിലെയിലെയും ന്യൂയോർക്കിലെ ഗവേഷകരും പങ്കുചേർന്നു. പഠനത്തിന്റെ വിശദാംശങ്ങൾ മെഡിക്കൽ ജേണലായ ജേണൽ ഓഫ് റീപ്രൊഡക്ടീവ് ബയോമെഡിസിനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിൽ കൃത്രിമ ബീജസങ്കലനത്തിനായി മനുഷ്യാധ്വാനവും വൈദഗ്ദ്യവും ഉപയോഗിച്ച് ചെയ്യുന്ന ഇൻട്രാസൈറ്റോപ്ലാസ്മിക് സ്പേം ഇഞ്ചക്ഷൻ എന്ന പ്രവർത്തനമാണ് പൂർണമായും എഐ സഹായത്തോടെ മനുഷ്യസഹായമില്ലാതെ ചെയ്യാൻ സാധിച്ചത്.

1990 മുതൽ ഉപയോഗിച്ചുവരുന്ന ഇപ്പോഴത്തെ രീതിയിൽ എംബ്രിയോളജിസ്റ്റുകൾ കൈകൾ കൊണ്ടാണ് 23 ഘട്ടങ്ങൾ നീളുന്ന ഈ പ്രവൃത്തി പൂർത്തീകരിക്കുന്നത്. വൈദഗ്ദ്യത്തിലെ ഏറ്റക്കുറച്ചിലുകളും വ്യക്തിയുടെ ക്ഷീണവും ആരോഗ്യനിലയുമെല്ലാം പ്രവൃത്തിയുടെ വിജയത്തെയും ബാധിക്കും. എന്നാൽ എല്ലാ ഘട്ടവും എഐ സഹായത്തോടെയും വിദൂര ഡിജിറ്റൽ നിയന്ത്രണത്തിലും സാധ്യമാക്കി എന്നതാണ് ഇപ്പോഴത്തെ കണ്ടെത്തലിന്റെ സവിശേഷത. മെക്സികോയിലെ ഹോപ്പ് ഐവിഎഫ് സെന്ററിൽ ചികിത്സ തേടിയ നാല്പതുകാരിയിലാണ് ആദ്യ പരീക്ഷണം വിജയം കണ്ടത്.