വിനിപെഗ് : നഗരത്തിലെ വാർഷിക സ്പ്രിങ് ക്ലീനപ്പ് ഞായറാഴ്ച ആരംഭിക്കുമെന്ന് വിനിപെഗ് സിറ്റി വക്താവ് അറിയിച്ചു. ആറാഴ്ച നീണ്ടു നിൽക്കുന്ന പരുപാടിയിൽ നഗരത്തിലെ തെരുവുകളും പാലങ്ങളും നടപ്പാതകളും പാർക്കുകളും മറ്റ് പൊതുസ്ഥലങ്ങളും വൃത്തിയാക്കും. ഇതിനായി മുന്നൂറിലധികം ഉപകരണങ്ങളും അഞ്ഞൂറോളം ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ടെന്ന് സിറ്റി അധികൃതർ പറഞ്ഞു.

സുരക്ഷിതവും യാത്രായോഗ്യവുമാണെന്ന് ഉറപ്പാക്കാൻ, നഗരത്തിലെ പ്രധാന ഗതാഗത റൂട്ടുകൾ ആദ്യം വൃത്തിയാക്കും. ക്ലീനിങ് ഷെഡ്യൂളുകളും താൽക്കാലിക നോ പാർക്കിങ് സോണുകളും കണ്ടെത്താൻ നഗരവാസികൾ സിറ്റി വെബ്‌സൈറ്റ് അല്ലെങ്കിൽ “നോ യുവർ സോൺ” ആപ്പ് പരിശോധിക്കണം. അതേസമയം വാർഷിക സ്പ്രിങ് ക്ലീനപ്പ് നടക്കുന്ന പ്രദേശങ്ങളിൽ പാർക്ക് വാഹനങ്ങൾക്ക് 150 ഡോളർ പിഴ ഈടാക്കും.

ഏപ്രിൽ 28-ന് നഗരത്തിലെ എ ഏരിയയിലും മെയ് അഞ്ചിന് ബി ഏരിയയിലും മാലിന്യ ശേഖരണം ആരംഭിക്കും. നഗരവാസികൾ മാലിന്യങ്ങൾ തെരുവിലേക്ക് വലിച്ചെറിയരുതെന്നും അവ പേപ്പർ ബാഗുകളിലോ കാർഡ്ബോർഡ് പെട്ടികളിലോ മൂടിയില്ലാത്ത പുനരുപയോഗിക്കാവുന്ന പാത്രങ്ങളിലോ ഇടണമെന്നും സിറ്റി വക്താവ് നിർദ്ദേശിച്ചു.