ഫ്രെഡറിക്ടൺ : ന്യൂബ്രൺസ്വിക്കിലേക്ക് കുടിയേറാനൊരുങ്ങുന്ന വിദേശപൗരന്മാർ ശ്രദ്ധിക്കുക… ഈ വർഷം ഇനി വിദേശ പൗരന്മാർക്ക് അറ്റ്‌ലാൻ്റിക് ഇമിഗ്രേഷൻ പ്രോഗ്രാം (എഐപി) വഴി ന്യൂബ്രൺസ്വിക്കിലേക്ക് സ്ഥിര താമസം (പിആർ) തേടാനാകില്ല. ഏപ്രിൽ 4-ന് എഐപി പ്രൊവിൻഷ്യൽ ഇമിഗ്രേഷൻ അലോക്കേഷൻ അതിൻ്റെ പരിധിയിലെത്തിയതോടെയാണ് ഈ മാറ്റമെന്ന് ന്യൂബ്രൺസ്വിക് സർക്കാർ അറിയിച്ചു. എന്നാൽ, ഏപ്രിൽ 4-നോ അതിനുമുമ്പോ സമർപ്പിച്ച എൻഡോഴ്‌സ്‌മെൻ്റ് അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നത് തുടരും. ഈ വർഷം അറ്റ്ലാൻ്റിക് ഇമിഗ്രേഷൻ പ്രോഗ്രാം വഴി 1,250 സീറ്റുകളാണ് ന്യൂബ്രൺസ്വിക്കിന് അനുവദിച്ചിരുന്നത്.

ഏപ്രിൽ നാലിന് ശേഷം എൻഡോഴ്സ്മെൻ്റ് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന നിയുക്ത തൊഴിലുടമകൾക്ക് അംഗീകാരം ലഭിക്കില്ല. കൂടാതെ, 2025-ലെ ശേഷിക്കുന്ന കാലയളവിൽ ന്യൂബ്രൺസ്വിക്കിൻ്റെ AIP-ന് കീഴിൽ പുതിയ തൊഴിലുടമകളെ നിയോഗിക്കില്ല. എന്നാൽ, ഏപ്രിൽ 4-നോ അതിനുമുമ്പോ എൻഡോഴ്‌സ്‌മെൻ്റ് അപേക്ഷകൾ സമർപ്പിച്ചവരെ AIP അടച്ചുപൂട്ടുന്നത് ബാധിക്കില്ല. അവരുടെ അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നത് തുടരുമെന്നും ന്യൂബ്രൺസ്വിക് സർക്കാർ അറിയിച്ചു.

കാനഡയിലെ മറ്റ് മൂന്ന് അറ്റ്‌ലാൻ്റിക് പ്രവിശ്യകളിലൊന്നിൽ നിയുക്ത തൊഴിലുടമയിൽ നിന്ന് യോഗ്യതാ ജോലി ഓഫർ ലഭിക്കുകയാണെങ്കിൽ, വിദേശ പൗരന്മാർക്ക് എഐപി വഴി സ്ഥിര താമസത്തിനായി അപേക്ഷിക്കാം. ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ, നോവസ്കോഷ, പ്രിൻസ് എഡ്വേഡ് ഐലൻഡ് എന്നീ പ്രവിശ്യകൾക്ക് ഈ വർഷത്തെ മുഴുവൻ AIP അലോക്കേഷനുകളും ഇതുവരെ ലഭിച്ചിട്ടില്ല. ഇത് കാരണം ഈ പ്രവിശ്യകൾ നിയുക്ത തൊഴിലുടമകളിൽ നിന്നുള്ള അംഗീകാര അപേക്ഷകൾ ഇപ്പോഴും സ്വീകരിക്കുന്നുണ്ട്.