മൺട്രിയോൾ : കോൺകോർഡിയ സർവകലാശാലയിലെ അസ്രിയേലി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്രയേൽ സ്റ്റഡീസ് പെയിൻ്റ് ചെയ്ത് നശിപ്പിച്ചതായി പരാതി. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കാമ്പസിലെ കെട്ടിടത്തിൻ്റെ ജനാലകൾ തകർത്തതായും “വംശഹത്യ ഇൻസ്റ്റിറ്റ്യൂട്ട്” തുടങ്ങിയ സന്ദേശങ്ങൾ പെയിൻ്റ് ചെയ്തതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

ഇസ്രയേൽ-ഹമാസ് യുദ്ധവുമായി ബന്ധപ്പെട്ടതാണ് സംഭവമെന്നും രാത്രി ഒമ്പത് മണിയോടെ ഏതാനും പ്രതികൾ ചേർന്നാണ് കെട്ടിടം നശിപ്പിച്ചതെന്നും പൊലീസ് പറയുന്നു. അന്വേഷണം പുരോഗമിക്കുന്നു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ഈ മാസം ആദ്യം മൺട്രിയോളിലെ മക്ഗിൽ സർവകലാശാല കാമ്പസിൽ നടന്ന മൂന്ന് ദിവസത്തെ പലസ്തീൻ അനുകൂല പ്രതിഷേധത്തിനിടെ ക്ലാസുകൾ തടസ്സപ്പെട്ടിരുന്നു. കൂടാതെ കാമ്പസ് കെട്ടിടത്തിന്റെ ജനൽ തകർക്കുകയും ഓഫീസിൽ ചുവന്ന പെയിൻ്റ് തളിച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു.