ഓട്ടവ : രാജ്യാന്തര വിദ്യാർത്ഥികൾ, തൊഴിലാളികൾ, സന്ദർശകർ എന്നിവരുടെ പ്രധാന ലക്ഷ്യസ്ഥാനമായ കാനഡ, 2024-ൽ ഏകദേശം 23 ലക്ഷത്തിലധികം താൽക്കാലിക വീസ അപേക്ഷകൾ നിരസിച്ചതായി റിപ്പോർട്ട്. രാജ്യത്തെ ഭവനപ്രതിസന്ധിക്കും ജനസംഖ്യാ വർധന കുറയ്ക്കുന്നതിനുമായി ഇമിഗ്രേഷൻ നയങ്ങൾ കർശനമാക്കിയ സാഹചര്യത്തിലാണ് സന്ദര്‍ശകരുടെയും രാജ്യാന്തര വിദ്യാർത്ഥികളുടെയും വിദേശ തൊഴിലാളികളുടെയും അപേക്ഷകൾ നിരസിച്ചത്. മൊത്തം 2,360,000 താൽക്കാലിക വീസ അപേക്ഷകളാണ് നിരസിച്ചതെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി) അറിയിച്ചു. പാർപ്പിടം, അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ സംരക്ഷണം എന്നിവയിലെ പ്രതിസന്ധി ലഘൂകരിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് ഈ നീക്കം.

കഴിഞ്ഞ വര്‍ഷം 1,950,000 സന്ദര്‍ശക വീസ അപേക്ഷകളാണ് നിരസിച്ചത്. സന്ദര്‍ശക വീസയ്ക്ക് അപേക്ഷിച്ചവരുടെ 54% വരുമിത്. 2023-ല്‍ ഇത് 40 ശതമാനമായിരുന്നു. സ്റ്റഡി പെർമിറ്റ് അപേക്ഷകളിൽ ഏകദേശം 290,317 എണ്ണം 2024-ൽ നിരസിക്കപ്പെട്ടു. മൊത്തം അപേക്ഷിച്ചവരുടെ 52 ശതമാനമാണ് ഈ വര്‍ഷം തള്ളിയത്. കഴിഞ്ഞ വര്‍ഷം അത് 38 ശതമാനമായിരുന്നു. കൂടാതെ ഏകദേശം 115,549 വർക്ക് പെർമിറ്റ് അപേക്ഷകൾ നിരസിക്കപ്പെട്ടു. ആകെ അപേക്ഷിച്ചവരുടെ 22 ശതമാനമാണിത്.

കോവിഡ് മഹാമാരിക്ക് ശേഷം കനേഡിയൻ പൗരന്മാർ നേരിടുന്ന ഭവന പ്രതിസന്ധിയും ജീവിതച്ചെലവ് വര്‍ധിക്കുന്നതും മൂലം വലിയ സമ്മര്‍ദ്ദം നേരിടുന്നതിനാൽ രാജ്യത്തെ താത്ക്കാലിക താമസക്കാരുടെ എണ്ണം നിയന്ത്രിക്കുന്നതിന് ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 2025-ല്‍ 395,000 പുതിയ സ്ഥിര താമസക്കാരെയും 2026-ല്‍ 380,000 ആയും 2027-ല്‍ 365,000 ആയും നിശ്ചയിച്ചിട്ടുണ്ട്.