ഓട്ടവ : ഫെഡറൽ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടക്കുന്ന സംവാദങ്ങളിൽ നിന്നും പാർട്ടിയെ ഒഴിവാക്കിയത് അന്യായവും ജനാധിപത്യവിരുദ്ധവുമാണെന്ന് ഗ്രീൻ പാർട്ടി ഓഫ് കാനഡ ലീഡർ ജോനഥൻ പെഡ്നോ. മത്സരംഗത്തുള്ള സ്ഥാനാർത്ഥികളുടെ എണ്ണം പാർട്ടി മനഃപൂർവ്വം കുറച്ചതായി കാണിച്ചാണ് ലീഡേഴ്‌സ് ഡിബേറ്റ് കമ്മീഷൻ ഗ്രീൻ പാർട്ടിയെ ചർച്ചകളിൽ നിന്നും ഒഴിവാക്കിയത്. ഇന്നും നാളെയുമായി മൺട്രിയോളിലെ മൈസൺ ഡി റേഡിയോ-കാനഡയിലാണ് ഫ്രഞ്ച്-ഇംഗ്ലീഷ് ഭാഷകളിലെ രണ്ടു സംവാദങ്ങൾ നടക്കുന്നത്. ഇതിൽ ഫ്രഞ്ച് ഭാഷാ സംവാദം ഇന്ന് രാത്രി എട്ടു മണിക്ക് ആരംഭിക്കും.

ചർച്ചകളിൽ നിന്ന് ഗ്രീൻ പാർട്ടി ഓഫ് കാനഡയെ ഒഴിവാക്കാനുള്ള അവസാന നിമിഷ തീരുമാനം നീതിരഹിതവും അടിസ്ഥാനരഹിതവുമാണ്. തങ്ങൾ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്നും ഇത് ജനാധിപത്യവിരുദ്ധമാണെന്നും, ജോനഥൻ പെഡ്നോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇലക്ഷൻസ് കാനഡ സ്ഥാനാർത്ഥികളുടെ അന്തിമ ലിസ്റ്റ് പ്രഖ്യാപിച്ച് ഏഴ് ദിവസത്തിലേറെ കഴിഞ്ഞിട്ടുണ്ടെന്നും എന്നാൽ, ഇന്ന് രാവിലെ ഏഴരയോടെയാണ് മാത്രമാണ് കമ്മീഷനിൽ നിന്ന് സംവാദങ്ങളിൽ നിന്നും ഒഴിവാക്കിയതായി അറിയിച്ച് കത്ത് ലഭിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

അതേസമയം, ലീഡേഴ്‌സ് ഡിബേറ്റ്സ് കമ്മീഷൻ നിശ്ചയിച്ചിട്ടുള്ള മൂന്നിൽ രണ്ട് മാനദണ്ഡങ്ങൾ പാലിക്കുന്ന പാർട്ടികൾക്കാണ് സംവാദത്തിൽ പങ്കെടുക്കാൻ സാധിക്കുക. ഒന്നാമതായി, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തീയതിയിൽ പാർട്ടിക്ക് ഒരു തിരഞ്ഞെടുക്കപ്പെട്ട എംപി ഉണ്ടായിരിക്കണം. രണ്ടാമതായി, പൊതുതിരഞ്ഞെടുപ്പിന് നാല് ആഴ്ച മുമ്പ്, ദേശീയ പൊതുജനാഭിപ്രായ സർവേയുടെ അടിസ്ഥാനത്തിൽ, പാർട്ടിക്ക് നാല് ശതമാനം പിന്തുണ ഉണ്ടായിരിക്കണം. അവസാനമായി, പൊതുതിരഞ്ഞെടുപ്പിന് നാല് ആഴ്ച മുമ്പ്, 90% ഫെഡറൽ റൈഡിങ്ങുകളിലും പാർട്ടി, സ്ഥാനാർത്ഥികളെ അംഗീകരിച്ചിരിക്കണം. മൂന്നിൽ രണ്ട് മാനദണ്ഡങ്ങൾ പാലിക്കുക എന്നത് ഈ വർഷം നിലവിൽ വന്ന പുതിയ നിയമമാണ്. കഴിഞ്ഞ ഫെഡറൽ തിരഞ്ഞെടുപ്പ് നടന്ന 2021-ൽ, പാർട്ടികൾക്ക് മൂന്നിൽ ഒന്ന് നിബന്ധനകൾ മാത്രമേ പാലിക്കേണ്ടിയിരുന്നുള്ളൂ. ഡിബേറ്റ് കമ്മീഷൻ നിശ്ചയിച്ച സമയപരിധിയിൽ, ഗ്രീൻ പാർട്ടിക്ക് മൂന്ന് ശതമാനത്തിൽ താഴെയായിരുന്നു ജനപിന്തുണ. കൂടാതെ സമയപരിധിക്കുള്ളിൽ സ്ഥാനാർത്ഥികളുടെ അംഗീകാരത്തിൻ്റെ മുഴുവൻ പട്ടികയും പുറത്തുവിടുമ്പോൾ, പാർട്ടിക്ക് 232 സ്ഥാനാർത്ഥികൾ മാത്രമേ മത്സരിക്കാനുള്ളൂ.