വൻകൂവർ : പടിഞ്ഞാറൻ പ്രവിശ്യകളെ കാനഡയിൽ നിന്നും അടർത്തി മാറ്റുന്നതിനെക്കുറിച്ചുള്ള ചർച്ച അവസാനിപ്പിക്കണമെന്ന് ബ്രിട്ടിഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി. ഇത്തരം ചർച്ച വെറുതെ സമയം പാഴാക്കുന്നവയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കനേഡിയൻ ഐക്യത്തിന് എന്തെങ്കിലും ഭീഷണിയുണ്ടെന്ന് താൻ കരുതുന്നില്ലെന്നും എബി പറയുന്നു. രാഷ്ട്രീയവും പക്ഷപാതപരവുമായ നേട്ടങ്ങൾക്കായി യുഎസ് താരിഫ് പോരാട്ടത്തിനിടയിൽ കാനഡ നേരിടുന്ന ഐക്യത്തിന് നേരെയുള്ള ആക്രമണമാണ് ഇത്തരമൊരു നിർദ്ദേശമെന്ന് എബി വ്യക്തമാക്കി. ഫെഡറൽ തെരഞ്ഞെടുപ്പിൽ ലിബറൽ ഗവൺമെൻ്റിനുള്ള ഓരോ വോട്ടും പടിഞ്ഞാറൻ പ്രവിശ്യകളെ വിഘടിപ്പിക്കുന്നതിനുള്ള വോട്ടിന് തുല്യമാണെന്ന മുൻ റിഫോം പാർട്ടി ലീഡർ പ്രെസ്റ്റൺ മാന്നിങിന്‍റെ പ്രസ്താവന രാഷ്ട്രീയ അടിത്തറ ഉറപ്പിക്കുന്നതിനുള്ള ശ്രമം മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.

ഫെഡറൽ സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ രാജ്യത്തുടനീളം തുല്യമായി വിതരണം ചെയ്യണമെന്നും പ്രീമിയർ അഭ്യർത്ഥിച്ചു. കാനഡയെ വിഭജിക്കണമെന്ന് ആവശ്യപ്പെടുന്നവർ പ്രധാനമായും ഉന്നയിക്കുന്നത് ഫെഡറൽ ഫണ്ടിങ് ന്യായമായി വിതരണം ചെയ്യപ്പെടുന്നില്ല എന്നതാണ്. ആ ആശങ്കകൾ പരിഹരിക്കുന്നതിന് അടുത്ത പ്രധാനമന്ത്രി നടപടികൾ സ്വീകരിക്കുമെന്ന് കരുതുന്നുവെന്നും പ്രീമിയർ ഡേവിഡ് എബി പറഞ്ഞു. ഒൻ്റാരിയോ, കെബെക്ക് പ്രവിശ്യകൾക്ക് മറ്റ് പ്രവിശ്യകളില്ലാത്ത പ്രത്യേക പ്രോഗ്രാമുകൾ ഉണ്ട്. ഇങ്ങനെ സംഭവിക്കുമ്പോൾ ഇത്തരം അവസരവാദികൾക്ക് കാനഡയെ വിഭജിക്കണമെന്ന് പറയാനുള്ള അവസരം നൽകുകയാണെന്നും എബി പറയുന്നു.