ഓട്ടവ : ഫെഡറൽ തിരഞ്ഞെടുപ്പിലെ മുൻകൂർ വോട്ടെടുപ്പ് ഔദ്യോഗികമായി ആരംഭിച്ചതോടെ രാജ്യത്തുടനീളമുള്ള നഗരങ്ങളിലെ പോളിങ് സ്റ്റേഷനുകളിൽ വോട്ടർമാരുടെ നീണ്ടനിര. പല സ്ഥലങ്ങളിലും വോട്ടർമാർ 45 മിനിറ്റ് വരെ ക്യൂവിൽ നിന്നാണ് വോട്ട് രേഖപ്പെടുത്തിയത്. അതേസമയം അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ സമീപകാല പ്രവർത്തനങ്ങളും പ്രസ്താവനകളും കാരണം ഇത്തവണ തിരഞ്ഞെടുപ്പ് വ്യത്യസ്തമാണെന്ന് പല വോട്ടർമാരും പ്രതികരിച്ചു.

രജിസ്റ്റർ ചെയ്ത വോട്ടർമാർക്ക് ഏപ്രിൽ 21 വരെ രാവിലെ ഒമ്പതിനും രാത്രി ഒമ്പതിനും ഇടയിൽ അവരുടെ നിയുക്ത പോളിങ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്താം. പ്രവിശ്യാ തിരഞ്ഞെടുപ്പുകളിലേതു പോലെ പ്രവിശ്യയിലെ ഏത് പോളിങ് സ്റ്റേഷനിലും വോട്ടുചെയ്യാൻ കഴിയുന്ന സംവിധാനം ഫെഡറൽ തിരഞ്ഞെടുപ്പിൽ ഇല്ല. അതിൽ ഓരോ വ്യക്തിയും നിയുക്ത സ്റ്റേഷനിൽ തന്നെ വോട്ടു രേഖപ്പെടുത്തണം. വോട്ടർമാർ അംഗീകൃത ഐഡി ഫോമുകൾ കൊണ്ടുവരേണ്ടതുണ്ട്. അതിൽ വോട്ടർ ഇൻഫർമേഷൻ കാർഡുകൾ, ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകൾ, ഡ്രൈവിങ് ലൈസൻസ്, ജനന സർട്ടിഫിക്കറ്റുകൾ എന്നിവ ഉൾപ്പെടുന്നു.

ഏപ്രിൽ 23-ന് മുമ്പ് ഏത് ദിവസവും ഇലക്ഷൻസ് കാനഡ ഓഫീസുകളിൽ വോട്ടർമാർക്ക് നേരത്തെ വോട്ടു ചെയ്യാം. അതുമല്ലെങ്കിൽ മെയിൽ വഴിയും വോട്ടുചെയ്യാം. മെയിൽ വഴി വോട്ട് രേഖപ്പെടുത്താനുള്ള അവസാന തീയതി ഏപ്രിൽ 22 ആണ്. ആരെങ്കിലും മെയിൽ വഴി വോട്ട് ചെയ്യാൻ അപേക്ഷിച്ചാൽ അവർക്ക് മുൻകൂർ വോട്ടെടുപ്പിലോ തിരഞ്ഞെടുപ്പ് ദിവസത്തിലോ വോട്ട് ചെയ്യാൻ കഴിയില്ലെന്ന് ഇലക്ഷൻസ് കാനഡ അറിയിച്ചു.