ഓട്ടവ : അലർജി സാധ്യതയെ തുടർന്ന് കാനഡയിൽ വിറ്റഴിച്ച ഫ്രോസൺ റൈസ് തിരിച്ചുവിളിച്ചതായി ഹെൽത്ത് കാനഡ അറിയിച്ചു. 600 ഗ്രാം പാക്കിലുള്ള സിയോൾമാമ ബ്രാൻഡായ ചെമ്മീൻ ഫ്രൈഡ് റൈസാണ് ലേബലിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത പാൽ അടങ്ങിയതായി കണ്ടെത്തിയതിനെ തുടർന്ന് തിരിച്ചുവിളിച്ചത്. പ്രധാനമായും ഈ ഉൽപ്പന്നം ബ്രിട്ടിഷ് കൊളംബിയയിലും ഒൻ്റാരിയോയിലും വിറ്റതായും മറ്റ് പ്രവിശ്യകളിലും പ്രദേശങ്ങളിലും വിതരണം ചെയ്തതായും ഹെൽത്ത് കാനഡ പറയുന്നു.

ഉൽപ്പന്നത്തിൽ പാലിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) അറിയിച്ചു. എന്നാൽ, കാനഡയിൽ ഇതുവരെ ഈ ഉൽപ്പന്നവുമായി ബന്ധപ്പെട്ട് ഏതെങ്കിലും അസുഖം റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ പാൽ അലർജിയുള്ള ഉപഭോക്താക്കൾ ഉൽപ്പന്നം കഴിക്കരുതെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. കൂടാതെ തിരിച്ചുവിളിച്ച ഉൽപ്പന്നം ഷെൽഫുകളിൽ നിന്ന് നീക്കം ചെയ്യാൻ ചില്ലറ വ്യാപാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉപഭോക്താക്കൾ സിയോൾമാമ ബ്രാൻഡ് ഫ്രൈഡ് റൈസ് ഉപേക്ഷിക്കുകയോ റീഫണ്ടിനായി വാങ്ങിയ സ്റ്റോറിൽ തിരികെ നൽകുകയോ വേണം.