ഓട്ടവ : 45-ാമത് ഫെഡറൽ തിരഞ്ഞെടുപ്പിന് ഒമ്പത് ദിവസം മാത്രം ശേഷിക്കേ വോട്ടുറപ്പിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുകയാണ് പാർട്ടികൾ. വളരെ കുറഞ്ഞ സമയപരിധിയും ഓൺലൈൻ പ്രചാരണങ്ങൾക്കായുള്ള ഭീമമായ ചെലവും കാരണം ബഹുഭാഷാ പരസ്യ തന്ത്രങ്ങൾ ഉപയോഗിച്ച് വോട്ടർമാരെ ആകർഷിക്കാനുള്ള ശ്രമത്തിലാണ് പ്രധാന പാർട്ടികൾ. വോട്ടഭ്യർത്ഥിച്ചുള്ള പരസ്യങ്ങളിൽ വിവിധ വിദേശ ഭാഷകൾ മുതൽ പഞ്ചാബി വരെയുണ്ട്. ബ്രിട്ടിഷ് കൊളംബിയ, ഒൻ്റാരിയോയിലെ 905 ബെൽറ്റ് പോലുള്ള കമ്മ്യൂണിറ്റികളെയാണ് ഇത്തരത്തിലുള്ള പരസ്യങ്ങളിലൂടെ പാർട്ടികൾ ലക്ഷ്യമിടുന്നത്.

സോഷ്യൽ മീഡിയ പരസ്യങ്ങൾക്കായി മാത്രം ഇതിനകം 56 ലക്ഷം ഡോളറിലധികം വിവിധ പാർട്ടികൾ ചെലവിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബ്രിട്ടിഷ് കൊളംബിയ, ഒൻ്റാരിയോ, കാൽഗറി, എഡ്മിന്‍റൻ എന്നിവിടങ്ങളിൽ നിർണായക സ്വാധീനം ചെലുത്തുന്ന പഞ്ചാബി കമ്മ്യൂണിറ്റിയെ ആകർഷിക്കാൻ ലിബറൽ, കൺസർവേറ്റീവ് പാർട്ടികൾ അടക്കം പഞ്ചാബി ഭാഷയിൽ പരസ്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ദക്ഷിണേഷ്യൻ, ചൈനീസ്, ഫിലിപ്പിനോ വോട്ടർമാർ ഉൾപ്പെടെ വിവിധ കമ്മ്യൂണിറ്റികൾക്കായി പാർട്ടികൾ പരസ്യങ്ങൾ തയ്യാറാക്കുന്നുണ്ടെന്ന് EOK കൺസൾട്ട്‌സിലെ മാനേജിങ് പ്രിൻസിപ്പൽ ഹർനീത് സിങ് പറയുന്നു.