മോസ്കോ : മൂന്ന് വർഷമായി തുടരുന്ന റഷ്യ-ഉക്രെയ്ൻ യുദ്ധത്തിന് താൽക്കാലിക വിരാമം. ശനിയാഴ്ച മുതൽ ഉക്രെയ്നിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ. ഇരുരാജ്യങ്ങളും പിടികൂടിയ നൂറുകണക്കിന് സൈനികരെ കൈമാറിയതോടെ മാനുഷിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രഖ്യാപനം. മോസ്കോ സമയം ശനിയാഴ്ച വൈകുന്നേരം ആറു മുതൽ ഈസ്റ്റർ ഞായറാഴ്ച അർദ്ധരാത്രി വരെയാണ് വെടിനിർത്തൽ. ഉക്രേനിയൻ പക്ഷം റഷ്യയുടെ മാതൃക പിന്തുടരുമെന്ന് കരുതുന്നതായി പുടിൻ പറഞ്ഞു. അതേസമയം ഉക്രെയ്നിന്‍റെ ഭാഗത്തുനിന്ന് വെടിനിര്‍ത്തല്‍ ലംഘനങ്ങളുണ്ടായാല്‍ തടയാൻ റഷ്യൻ സൈനികർ തയ്യാറായിരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

അതിനിടെ ഇരുപക്ഷവും ശനിയാഴ്ച നൂറുകണക്കിന് യുദ്ധത്തടവുകാരെ കൈമാറി. 246 റഷ്യൻ സൈനികരെ ഉക്രെയ്നിൽ നിന്നും വിട്ടയച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കൂടാതെ പരിക്കേറ്റ 31 ഉക്രേനിയൻ യുദ്ധത്തടവുകാരെ അടിയന്തിര വൈദ്യസഹായം ആവശ്യമുള്ള 15 റഷ്യൻ സൈനികർക്ക് പകരമായി തിരിച്ചയച്ചിട്ടുണ്ടെന്നും റഷ്യ റിപ്പോർട്ട് ചെയ്തു. 277 ഉക്രേനിയൻ സൈനികരെ റഷ്യ മോചിപ്പിച്ചതായി സെലെൻസ്കി പറഞ്ഞു.