ഓട്ടവ : സാൽമൊണല്ല ബാക്ടീരിയയുടെ മലിനീകരണം കാരണം ഒൻ്റാറിയോയിലും കാനഡയുടെ മറ്റ് ഭാഗങ്ങളിലും വിറ്റഴിച്ച നിരവധി ഫ്രോസൺ പേസ്ട്രികൾ തിരിച്ചു വിളിച്ചു. സ്വീറ്റ് ക്രീം, D. Effe T. ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളാണ് തിരിച്ചുവിളിച്ചതെന്ന് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) അറിയിച്ചു. ബാധിച്ച പേസ്ട്രികൾ ഒൻ്റാരിയോ, ആൽബർട്ട, മാനിറ്റോബ, നോവസ്കോഷ, കെബെക്ക് എന്നിവിടങ്ങളിൽ വിതരണം ചെയ്തു. കൂടാതെ മറ്റ് പ്രവിശ്യകളിലും പ്രദേശങ്ങളിലും എത്തിയിരിക്കാമെന്നും ഫെഡറൽ ഏജൻസി പറയുന്നു.

തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങളിൽ ഇവ ഉൾപ്പെടുന്നു :
- അപ്പോളിനി മിഗ്നോൺ / മിനി ലോബ്സ്റ്റർ ടെയിൽ
- അപ്പോളോ കെ2 / ബിഗ് ലോബ്സ്റ്റർ ടെയിൽ
- Sfogliata Napoli / Big Sfoglia Napoli
- മിനി സ്ഫോഗ്ലിയാറ്റെല്ല / മിനി സ്ഫോഗ്ലിയാറ്റെല്ലെ
- മിനി സ്ഫോഗ്ലിയാറ്റെല്ല സിയോക്കോലാറ്റോ / മിനി ചോക്കലേറ്റ് സ്ഫോഗ്ലിയേറ്റൽ

ഈ ഉൽപ്പന്നങ്ങൾ യഥാർത്ഥ ലേബലോ ബ്രാൻഡിൻ്റെ പേരോ ലോട്ട് നമ്പറോ ഇല്ലാതെ ചെറിയ കണ്ടെയ്നറുകളിൽ വീണ്ടും പാക്ക് ചെയ്ത് വിറ്റിരിക്കാമെന്ന് CFIA മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കൾ തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ കഴിക്കരുതെന്നും വാങ്ങിയ സ്റ്റോറിൽ തിരികെ നൽകണമെന്നും അധികൃതർ നിർദ്ദേശിച്ചു. സാൽമൊണെല്ല അണുബാധ പനി, ഛർദ്ദി, ഓക്കാനം, വയറുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണമാകും. കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് ഇത് പ്രത്യേകിച്ച് അപകടകരമാണ്.