ഹാലിഫാക്സ് : മാരിടൈംസിൽ ഈസ്റ്റർ ഞായറാഴ്ച ഉച്ചയോടെ ശക്തമായ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് നൽകി എൻവയൺമെൻ്റ് കാനഡ. ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കാം.

ന്യൂബ്രൺസ്വിക്
പ്രവിശ്യയുടെ വടക്കുകിഴക്കൻ മേഖലയിൽ ശക്തമായ കാറ്റു വീശുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിൽ ബാതർസ്റ്റ്, ചാലിയൂർ മേഖലയും അക്കാഡിയൻ പെനിൻസുലയും ഉൾപ്പെടുന്നു. ഈ മേഖലയിൽ ഞായറാഴ്ച ഉച്ചയ്ക്ക് 90 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.
നോവസ്കോഷ
മഞ്ഞുവീഴ്ചയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്ന കെയ്പ് ബ്രെറ്റണിൻ്റെ ഒരു ഭാഗത്ത് പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കെയ്പ് ബ്രെറ്റൺ ഹൈലാൻഡ്സിൽ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മഞ്ഞും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ ഏജൻസി അറിയിച്ചു. ഇതിൽ വടക്കൻ ഇൻവർനെസ്, വിക്ടോറിയ കൗണ്ടികൾ ഉൾപ്പെടുന്നു. തിങ്കളാഴ്ച രാവിലെയോടെ ഉയർന്ന പ്രദേശങ്ങളിൽ 20 സെൻ്റിമീറ്ററോ അതിൽ കൂടുതലോ മഞ്ഞുവീഴ്ചയുണ്ടാകും. ഞായറാഴ്ച രാത്രി കാബോട്ട് ട്രയലിൻ്റെ ചില ഭാഗങ്ങളിൽ കാറ്റിൻ്റെ വേഗം മണിക്കൂറിൽ 90 കിലോമീറ്റർ കവിയാൻ സാധ്യതയുണ്ട്. ഈ പ്രദേശത്ത് യാത്ര ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ശീതകാല ഡ്രൈവിങ് സാഹചര്യങ്ങൾക്ക് തയ്യാറെടുക്കണമെന്നും എൻവയൺമെൻ്റ് കാനഡ നിർദ്ദേശിച്ചു.

പ്രിൻസ് എഡ്വേഡ് ഐലൻഡ്
പ്രിൻസ് എഡ്വേഡ് ഐലൻഡിലുടനീളം ശക്തമായ കാറ്റ് വീശുമെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. ഞായറാഴ്ച വൈകുന്നേരത്തോടെ കാറ്റ് വീശുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില പ്രദേശങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 100 കിലോമീറ്റർ വരെ ശക്തി പ്രാപിക്കുമെന്നും എൻവയൺമെൻ്റ് കാനഡ അറിയിച്ചു. ശക്തമായ കാറ്റിൽ മരക്കൊമ്പുകൾ ഒടിഞ്ഞുവീഴുകയും വൈദ്യുതി തടസ്സപ്പെടുന്നതിനും കാരണമാകും.