എഡ്മിന്‍റൻ : ഏപ്രിൽ ആദ്യ രണ്ടാഴ്ചയിൽ മൂന്ന് പ്രവിശ്യാ ഇമിഗ്രേഷൻ നറുക്കെടുപ്പുകൾ നടത്തി ആൽബർട്ട. ഈ നറുക്കെടുപ്പുകളിൽ, മൂന്ന് വ്യത്യസ്ത സ്ട്രീമുകളിലൂടെ മൊത്തം 81 ഉദ്യോഗാർത്ഥികൾക്ക് സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ ഇൻവിറ്റേഷൻ നൽകിയതായി ആൽബർട്ട സർക്കാർ അറിയിച്ചു. എക്‌സ്‌പ്രസ് എൻട്രി, നോൺ-എക്സ്പ്രസ് എൻട്രി ഡെഡിക്കേറ്റഡ് ഹെൽത്ത് കെയർ പാത്ത്‌വേ, എക്സ്പ്രസ് എൻട്രി പ്രയോറിറ്റി സെക്‌ടേഴ്‌സ് പാത്ത്‌വേ എന്നിവയിലൂടെ യോഗ്യതയുള്ള വിദേശ പൗരന്മാരെയാണ് ആൽബർട്ട അഡ്വാൻ്റേജ് ഇമിഗ്രേഷൻ പ്രോഗ്രാം (AAIP) ഇൻവിറ്റേഷൻ നൽകിയത്.

ഡെഡിക്കേറ്റഡ് ഹെൽത്ത് കെയർ പാത്ത്‌വേ – എക്സ്പ്രസ് എൻട്രി
ഏപ്രിൽ 1-ന് നടന്ന ആദ്യ നറുക്കെടുപ്പ്, എക്സ്പ്രസ് എൻട്രി സിസ്റ്റവുമായി ബന്ധിപ്പിച്ചിട്ടുള്ള ഡെഡിക്കേറ്റഡ് ഹെൽത്ത് കെയർ പാത്ത്‌വേയിലൂടെയായിരുന്നു. ഈ സ്ട്രീമിന് കീഴിലുള്ള, കുറഞ്ഞത് 60 സ്കോർ ഉള്ള യോഗ്യരായ 34 ഹെൽത്ത് കെയർ പ്രൊഫഷണലുകൾക്ക് പ്രവിശ്യ ഇൻവിറ്റേഷൻ നൽകി.
ആൽബർട്ട എക്സ്പ്രസ് എൻട്രി പ്രയോറിറ്റി സെക്‌ടേഴ്‌സ് പാത്ത്‌വേ
രണ്ടാമത്തെ നറുക്കെടുപ്പ് ഏപ്രിൽ 4-ന് നടന്നു, ആൽബർട്ട എക്സ്പ്രസ് എൻട്രി പ്രയോറിറ്റി സെക്‌ടേഴ്‌സ് പാത്ത്‌വേ സ്‌ട്രീമിനു കീഴിൽ നടന്ന ഈ നറുക്കെടുപ്പിൽ എക്‌സ്‌പ്രസ് എൻട്രി പ്രൊഫൈലുള്ള മൊത്തം 19 ഹെൽത്ത് കെയർ പ്രൊഫഷണലുകൾക്ക് ഇൻവിറ്റേഷൻ നൽകി. ഈ നറുക്കെടുപ്പിൽ പരിഗണിക്കുന്നതിന് അപേക്ഷകർക്ക് കുറഞ്ഞത് 71 സ്കോർ ആവശ്യമായിരുന്നു.

ഡെഡിക്കേറ്റഡ് ഹെൽത്ത് കെയർ പാത്ത്‌വേ – നോൺ-എക്സ്പ്രസ് എൻട്രി
AAIP-യുടെ മൂന്നാമത്തെ നറുക്കെടുപ്പ്, ഏപ്രിൽ 8-ന് നടന്നു. നോൺ-എക്സ്പ്രസ് എൻട്രി ഡെഡിക്കേറ്റഡ് ഹെൽത്ത് കെയർ പാത്ത്‌വേയിലൂടെയായിരുന്നു. ഈ നറുക്കെടുപ്പിൽ, യോഗ്യരായ 28 ഉദ്യോഗാർത്ഥികൾക്ക് പ്രവിശ്യാ നാമനിർദ്ദേശത്തിന് അപേക്ഷിക്കാൻ ഇൻവിറ്റേഷൻ ലഭിച്ചു. ഏറ്റവും കുറഞ്ഞത് സ്കോർ 53 ഉള്ള അപേക്ഷകരെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്.