ഓട്ടവ : പവർട്രെയിൻ കൺട്രോൾ മൊഡ്യൂൾ തകരാറിനെ തുടർന്ന് 2025 മോഡൽ ഫോർഡ് എക്‌സ്‌പ്ലോറർ എസ്‌യുവി തിരിച്ചുവിളിച്ചതായി ട്രാൻസ്‌പോർട്ട് കാനഡ. 2.3 എൽ എഞ്ചിനുള്ള ചില വാഹനങ്ങൾക്ക് മാത്രമേ ഈ തകരാറുള്ളൂവെന്ന് അധികൃതർ അറിയിച്ചു. കാനഡയിലുടനീളം 1,607 വാഹനങ്ങളാണ് തിരിച്ചിവിളിച്ചിരിക്കുന്നത്.

പവർട്രെയിൻ കൺട്രോൾ മൊഡ്യൂൾ തകരാർ കാരണം പാർക്കിങ് പാവലിന് കേടുപാടുകൾ സംഭവിക്കാമെന്ന് ഏജൻസി പറയുന്നു. തൽഫലമായി ട്രാൻസ്മിഷൻ പാർക്കിലേക്ക് മാറ്റുമ്പോൾ, പാർക്കിങ് ബ്രേക്ക് പ്രയോഗിച്ചില്ലെങ്കിൽ വാഹനം നീങ്ങാൻ സാധ്യത ഉണ്ട്. ഇത് അപകടങ്ങൾക്ക് കാരണമാകുമെന്ന് ട്രാൻസ്പോർട്ട് കാനഡ മുന്നറിയിപ്പ് നൽകി. ഫോർഡ് വാഹന ഉടമകളെ മെയിൽ വഴി അറിയിക്കുകയും സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിനായി അവരുടെ എസ്‌യുവി ഡീലർഷിപ്പിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിക്കുകയും ചെയ്യും, അറിയിപ്പിൽ പറയുന്നു. ഡീലറും പരിശോധിക്കും, ആവശ്യമെങ്കിൽ ട്രാൻസ്മിഷൻ മാറ്റിസ്ഥാപിക്കും, ഫെഡറൽ ഏജൻസി അറിയിച്ചു.