ഓട്ടവ : 45-ാമത് ഫെഡറൽ തിരഞ്ഞെടുപ്പിന്‍റെ മുൻകൂർ വോട്ടിങ് സർവ്വകാല റെക്കോർഡ് മറികടന്നതായി ഇലക്ഷൻസ് കാനഡ. 2021-ലെ ഫെഡറൽ തിരഞ്ഞെടുപ്പിനേക്കാൾ 25% വർധനയിൽ കഴിഞ്ഞ വാരാന്ത്യത്തിൽ 73 ലക്ഷം വോട്ടർമാർ മുൻകൂർ വോട്ടെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതായി ഏജൻസി പുറത്തുവിട്ട പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നു. നാല് ദിവസം നീണ്ടു നിന്ന മുൻകൂർ വോട്ടിങ്ങിലെ ആദ്യദിനമായ വെള്ളിയാഴ്ചയും അവസാന ദിനമായ തിങ്കളാഴ്ചയുമാണ് ഏറ്റവും കൂടുതൽ വോട്ടർമാർ പോളിങ് ബൂത്തിലേക്ക് എത്തിയതെന്ന് ഫെഡറൽ ഏജൻസി അറിയിച്ചു.

2021 സെപ്റ്റംബറിലെ മുൻകൂർ വോട്ടെടുപ്പിൻ്റെ ആദ്യ ദിനത്തിൽ രേഖപ്പെടുത്തിയ 1,401,010 വോട്ടിൽ നിന്ന് 2025-ലെ ആദ്യദിനം 2,054,525 വോട്ടുകൾ രേഖപ്പെടുത്തി. 2021-ലെ മുൻകൂർ വോട്ടെടുപ്പിൻ്റെ അവസാന ദിനം 1,906,617 പേർ വോട്ട് ചെയ്തപ്പോൾ 2025-ൽ ഇത് 2,100,273 പേരായി ഉയർന്നു. ശനിയാഴ്ചയും ഈസ്റ്റർ ഞായറാഴ്ചയും യഥാക്രമം 1,659,952, 1,466,225 പേരും വോട്ട് ചെയ്തതായി ഇലക്ഷൻസ് കാനഡ റിപ്പോർട്ട് ചെയ്തു.
യൂകോൺ ഒഴികെയുള്ള എല്ലാ പ്രവിശ്യകളിലും പ്രദേശങ്ങളിലും 2021-നേക്കാൾ പോളിങ് ഉയർന്നതായി ഏജൻസി പറയുന്നു. ഒൻ്റാരിയോ, കെബെക്ക്, ബ്രിട്ടിഷ് കൊളംബിയ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ പോളിങ് നടന്നത്. ഒൻ്റാരിയോയിൽ 2,792,881 പേർ മുൻകൂർ വോട്ട് ചെയ്തപ്പോൾ കെബെക്കിൽ 1,595,591 പേരും ബ്രിട്ടിഷ് കൊളംബിയയിൽ 1,104,151 പേരും വോട്ട് ചെയ്തു. അതേസമയം മുൻ തെരഞ്ഞെടുപ്പിനേക്കാൾ കുറച്ച് വോട്ടുകൾ രേഖപ്പെടുത്തിയത് യൂകോണിൽ മാത്രമാണ്. 2021-ൽ 5,318 വോട്ടുകളാണ് മുൻകൂർ വോട്ടിങ്ങിൽ രേഖപ്പെടുത്തിയതെങ്കിൽ ഇത്തവണ 4,748 പേരായി കുറഞ്ഞു.

ഈ വർഷത്തെ മുൻകൂർ വോട്ടെടുപ്പിൽ ഓരോ പ്രവിശ്യയിലെയും പ്രദേശങ്ങളിലെയും പോളിങ് ഇതാ :
- ബ്രിട്ടിഷ് കൊളംബിയ : 1,104,151
- ആൽബർട്ട : 815,131
- സസ്കാച്വാൻ : 206,754
- മാനിറ്റോബ : 229,379
- ഒൻ്റാരിയോ: 2,792,881
- കെബെക്ക് : 1,595,591
- നോവസ്കോഷ : 210,030
- ന്യൂബ്രൺസ്വിക് : 202,006
- പ്രിൻസ് എഡ്വേഡ് ഐലൻഡ് : 40,015
- ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ : 75,691
- നോർത്ത് വെസ്റ്റ് ടെറിറ്ററീസ് : 3,631
- യൂകോൺ : 4,748
- നൂനവൂട്ട് : 967