ടൊറന്റോ : നോർത്ത് യോർക്കിൽ ടൊറന്റോ പൊലീസിന്റെ വെടിയേറ്റ് ചികിത്സയിലിരുന്ന മരിച്ചതായി സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻസ് യൂണിറ്റ് (SIU) അറിയിച്ചു. ഞായറാഴ്ച ഗതാഗതക്കുരുക്കിനെത്തുടർന്നുണ്ടായ വെടിവയ്പ്പിനിടെയാണ് 16 വയസ്സുള്ള ആൺകുട്ടിയ്ക്ക് വെടിയേറ്റത്. കുട്ടി ആശുപത്രിയിൽ മരിച്ചതായി SIU സ്ഥിരീകരിച്ചു.
ഏപ്രിൽ 20 ന് രാത്രി 11 മണിയോടെ ഷെപ്പേർഡ് അവന്യൂ വെസ്റ്റിനും ബാത്തർസ്റ്റ് സ്ട്രീറ്റിനും സമീപമാണ് ഗതാഗത നിയമലംഘനത്തിന് ടൊറന്റോ പൊലീസ്, ഇൻഫിനിറ്റി കാർ തടഞ്ഞതെന്ന് എസ്‌ഐയു പറഞ്ഞു. അവിടെ വച്ചുണ്ടായ വെടിവെപ്പിനെത്തതുടർന്ന് തിരികെ വെടിയുതിർത്ത ഉദ്യോഗസ്ഥന്റെ വെടിയേറ്റാണ് കൗമാരക്കാരന് ഗുരുതര പരുക്കേറ്റതെന്നും, കുട്ടിയും വെടിവെപ്പ് സംഘത്തിന്റെ ഭാഗമാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണെന്നും യൂണിറ്റ് വ്യക്തമാക്കി. പൊലീസിന് നേരെ വെടിയുതിർത്തത് മരിച്ച കൗമാരക്കാരനാണെന്ന് വിശ്വസിക്കുന്നുവെന്ന് എസ്‌ഐയു വെളിപ്പെടുത്തി.

സംഭവസ്ഥലത്ത് നിരവധി പേർ കൈകൾ ബന്ധിച്ച നിലയിലായിരുന്നു. പ്രദേശത്തു നിന്ന് ഒരു തോക്ക് കണ്ടെടുത്തതായും പൊലീസ് പറയുന്നു.
കേസിൽ ടൊറന്റോയിൽ നിന്നുള്ള 20 വയസ്സുള്ള യുവാവിനെയും 18,16 വയസ്സുകളിലുള്ള പെൺകുട്ടികളെയും ബ്രാംപ്ടണിൽ നിന്നുള്ള 17 വയസ്സുള്ള രണ്ട് കൗമാരക്കാരികളെയും സംഭവസ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്തു. ലൈസൻസില്ലാതെ തോക്ക് കൈവശം വയ്ക്കൽ, തോക്ക് ഉപയോഗിച്ച് മോട്ടോർ വാഹനം കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

അന്വേഷണം പുരോഗമിക്കുന്നു.