മൺട്രിയോൾ : കെബെക്കിലെ പ്രാഥമിക, സെക്കൻഡറി സ്കൂളുകളിൽ സെൽഫോണുകൾ പൂർണമായും നിരോധിക്കണമെന്ന് നിർദ്ദേശിച്ച് പ്രത്യേക കമ്മീഷൻ. അടുത്ത അധ്യയന വർഷം മുതൽ പ്രവിശ്യയിലെ സ്കൂളുകളിൽ എല്ലായിടത്തും സെൽഫോൺ ഉപയോഗം നിരോധിക്കണമെന്ന് പ്രത്യേക കമ്മീഷൻ ചൊവ്വാഴ്ച സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ ശുപാർശ ചെയ്തു. വിഡിയോ ഗെയിമുകളും ഹെഡ്ഫോണുകൾ ഉൾപ്പെടെയുള്ള മറ്റ് മൊബൈൽ ഉപകരണങ്ങളും നിരോധനത്തിൻ്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്നും കമ്മീഷൻ നിർദ്ദേശിക്കുന്നു. സ്കൂളുകളിൽ സെൽഫോൺ നിരോധനം സംബന്ധിച്ച നിബന്ധനകളും വ്യവസ്ഥകളും സ്വകാര്യ വിദ്യാഭ്യാസ നിയമത്തിലും ഉൾപ്പെടുത്തണമെന്ന് കമ്മീഷൻ അറിയിച്ചു.

അടുത്ത അധ്യയന വർഷത്തേക്ക് വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, സ്കൂളുകൾ, സ്കൂൾ ജീവനക്കാർ എന്നിവർ തയ്യാറെടുക്കേണ്ടതിനാൽ എത്രയും വേഗം തീരുമാനം എടുക്കുമെന്ന് കെബെക്ക് വിദ്യാഭ്യാസ മന്ത്രി ബെർണാഡ് ഡ്രെയിൻവിൽ അറിയിച്ചു. ഇടക്കാല റിപ്പോർട്ടിനെ സർക്കാർ സ്വാഗതം ചെയ്യുന്നുവെന്നും സെപ്റ്റംബറിൽ സ്കൂളുകളിൽ മൊബൈൽ നിരോധനം നടപ്പിലാക്കണമെങ്കിൽ, തീരുമാനം വേഗത്തിൽ എടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. 2024-ൻ്റെ തുടക്കം മുതൽ കെബെക്ക് സ്കൂൾ ക്ലാസ് മുറികളിൽ സെൽ ഫോണുകൾ നിരോധിച്ചിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
