വാഷിങ്ടൺ : ആരോഗ്യപരമായ ആശങ്കകൾ കണക്കിലെടുത്ത് ഭക്ഷ്യ വിതരണത്തിൽ നിന്ന് സിന്തറ്റിക് ഡൈകള്‍ ഘട്ടം ഘട്ടമായി നീക്കം ചെയ്യുമെന്ന് അമേരിക്ക. ‘മേക്ക് അമേരിക്ക ഹെല്‍ത്തി എഗെയ്ന്‍’ (മഹാ) പദ്ധതിയുടെ ഭാഗമായാണ് നീക്കമെന്ന് ആരോഗ്യ സെക്രട്ടറി റോബര്‍ട്ട് എഫ് കെന്നഡി ജൂനിയര്‍ വ്യക്തമാക്കി. 2026 അവസാനത്തോടെ എട്ട് അംഗീകൃത കൃത്രിമ ഭക്ഷ്യ ചായങ്ങളാണ് നിര്‍ത്തലാക്കുക.മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സര്‍ക്കാര്‍ റെഡ് ഡൈ 3 നിരോധിച്ചതിനെ അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ പുതിയ വ്യവസ്ഥ പിന്തുടരുന്നത്.

അതേസമയം കുട്ടികളിൽ ശ്രദ്ധക്കുറവ്, ഹൈപ്പര്‍ ആക്റ്റിവിറ്റി ഡിസോര്‍ഡര്‍ (എഡിഎച്ച്ഡി), പ്രമേഹം, കാന്‍സര്‍, ജീനോമിക് തടസ്സം, ദഹനനാളത്തിന്റെ പ്രശ്‌നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള രോഗങ്ങൾക്ക് സിന്തറ്റിക് ഡൈകളെ കാരണമാകുന്നുണ്ടെന്ന് ഡോക്ടർ വ്യക്തമാക്കി. പെട്രോളിയത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ എട്ട് സിന്തറ്റിക് ഡൈകളില്‍, ഉപയോഗത്തിലുള്ളവയില്‍ ഭൂരിഭാഗവും യെല്ലോ 5, യെല്ലോ 6, റെഡ് 40 എന്നീ പേരുകളിലുള്ള കൃത്രിമ ചായങ്ങളാണ് ഇപ്പോള്‍ അമേരിക്കയിലെ ഭക്ഷണ സാധനങ്ങളില്‍ ചേര്‍ക്കുന്നത്. പാനീയങ്ങള്‍, മിഠായികള്‍ എന്നിവ മുതല്‍ ധാന്യങ്ങള്‍, സോസുകള്‍, പാലുല്‍പ്പന്നങ്ങള്‍ വരെയുള്ള വിവിധ ഉല്‍പ്പന്നങ്ങളില്‍ അവ വ്യാപകമായി കാണപ്പെടുന്നു. പുതിയ പദ്ധതി പ്രകാരം, എട്ട് ചായങ്ങളില്‍ രണ്ടെണ്ണത്തിന്റെ അംഗീകാരം FDA റദ്ദാക്കും.