ഓട്ടവ : ഫെഡറൽ തിരഞ്ഞെടുപ്പിന് വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രചാരണ പരിപാടികളും പരസ്പര വാക്പോരുകളും ചൂടുപിടിക്കുന്നു. കാനഡയിലെ പ്രധാന രാഷ്ട്രീയ പാർട്ടികൾ പ്ലാറ്റ്ഫോമുകൾ അവതരിപ്പിച്ചതോടെ പരസ്പരം വിമർശിക്കാനും പ്രചാരണ പരിപാടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി കാണാം. ലിബറൽ ലീഡർ മാർക്ക് കാർണി ടോറി പ്ലാറ്റ്‌ഫോം ‘ഫാന്റം ഗണിതത്തെ’ ആശ്രയിക്കുന്നുവെന്ന് പറയുമ്പോൾ, ലിബറലുകളുടെ പ്ലാറ്റ്‌ഫോം മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് വേണ്ടി എഴുതിയതാണെന്ന് കൺസർവേറ്റീവ് ലീഡർ പിയേർ പൊളിയേവ് തിരിച്ചടിച്ചു.
അടുത്തിടെ നടന്ന ഭൂരിഭാഗം സർവേ ഫലങ്ങളും ലിബറലുകളുടെ ആധിപത്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ലിബറൽ പാർട്ടി കൺസർവേറ്റീവുകളേക്കാൾ മുന്നിലാണെന്ന് പോളുകൾ സൂചിപ്പിക്കുന്നു. ലെഗർ സർവേയിൽ പ്രതികരിച്ചവരിൽ ഭൂരിഭാഗവും മാർക്ക് കാർണി വിജയിക്കുമെന്ന് കരുതുന്നു. അതേസമയം, ജഗ്മീത് സിങിന്റെ എൻഡിപിയ്ക്ക് പിന്തുണ കുറയുന്നതായി സർവേ ഫലങ്ങളിൽ കാണാം. ഗ്രീൻ പാർട്ടിയുടെ സ്ഥിതിയും മറ്റൊന്നല്ല. അവർ എൻഡിപിയെക്കാൾ താഴെയാണ്.

ഹാമിൽട്ടണിൽ ജനങ്ങളെ കണ്ട ശേഷം പിയേർ പൊളിയേവ് നോവസ്കോഷയിലെ പ്രചാരണ റാലിയിൽ പങ്കെടുക്കും. അതേസമയം ജഗ്മീത് സിങ്, അസംബ്ലി ഓഫ് ഫസ്റ്റ് നേഷൻസുമായി ഒരു വെർച്വൽ ഫോറത്തിൽ പങ്കെടുക്കും. പിന്നീട് എഡ്മിന്‍റനിൽ പ്രചാരണത്തിനിറങ്ങും. അതേസമയം, ലിബറലുകൾ നിലവിൽ കാർണിയുടെ പ്രചാരണ പരിപാടി പുറത്തുവിട്ടിട്ടില്ല.